ഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ബംഗളൂരുവിലായിരുന്ന മുസ്‌ലിം എംപിയും പ്രതി
മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയിരുന്ന അംഗത്തെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാലിലെ ഷാഹി ജുമാ മസ്ജിന് സമീപം കലാപമുണ്ടാക്കിയെന്ന കേസില്‍ സ്ഥലം എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ സിയാവുര്‍ റഹ്മാന്‍ ബര്‍ഖും പ്രതി. രണ്ടു ദിവസമായി ബംഗളൂരുവില്‍ നടന്ന ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയിരുന്ന പാര്‍ലമെന്റ് അംഗത്തെയാണ് ഗുരുതരമായ കേസില്‍ പോലിസ് പ്രതിചേര്‍ത്തിരിക്കുന്നത്.
കോടതി വിധി പ്രകാരം മസ്ജിദില്‍ സര്‍വ്വേക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കല്ലെറിയാന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത് സിയാവുര്‍ റഹ്മാനാണെന്നാണ് എഫ്‌ഐആര്‍ പറയുന്നത്. '' മസ്ജിദിന് സമീപം പോലിസ് അതിക്രമം അഴിച്ചുവിട്ട സമയത്ത് ഞാന്‍ ബംഗളൂരുവിലായിരുന്നു. എന്നിട്ടും എന്നെ കേസില്‍ പ്രതിയാക്കി. ഇത് പോലിസിന്റെ ഗൂഡാലോചനയാണ് വെളിപ്പെടുത്തുന്നത്. മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഇത് ചെയ്തിരിക്കുന്നത്. ആയുധങ്ങള്‍ സ്വേഛാപരമായി പോലിസ് ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്. ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം.'' സിയാവുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
സിയാവുര്‍ റഹ്മാന്‍
അഞ്ച് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്ന സംഭവം ആസൂത്രണം ചെയ്തത് യുപി സര്‍ക്കാരാണെന്ന് സമാജ്‌വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട 'സബര്‍മതി റിപോര്‍ട്ട്' എന്ന സിനിമ കണ്ട യുപിയിലെ ഹിന്ദുത്വ നേതാക്കള്‍ വലിയ നേതാക്കളായി മാറാന്‍ സംഘടിപ്പിച്ചതാണ് കലാപമെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. ഗുജറാത്തിലെ ഗോധ്രാ സംഭവത്തെ ഹിന്ദുത്വ പക്ഷത്തിന്റെ കാഴ്ച്ചപാടില്‍ അവതരിപ്പിക്കുന്ന സിനിമയാണിത്.
''കേസില്‍ പ്രതിചേര്‍ത്തിരിക്കുന്ന എംപി സിയാവുര്‍ റഹ്മാന്‍ സംഭവസമയത്ത് സംഭാലില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും കേസില്‍ പ്രതിചേര്‍ത്തിരിക്കുകയാണ്. ചെറുപ്പക്കാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് വളരെ ദുഖകരമാണ്. വിവരങ്ങളൊന്നും പുറത്തുവിടാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ല. നഈം കൊല്ലപ്പെട്ടത് പോലിസ് വെടിവയ്പിലാണെന്ന് ഞാന്‍ പറയേണ്ടി വന്നു. ഈ കലാപം സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണ്.''-അഖിലേഷ് പറഞ്ഞു.
'' മസ്ജിദില്‍ സര്‍വേ നടത്തണമെന്ന കോടതി വിധി ശരിയായി വായിക്കാതെയാണ് ഉദ്യോഗസ്ഥര്‍ സര്‍വേക്കെത്തിയത്. മസ്ജിദ് കമ്മിറ്റിയും പണ്ഡിതരും ജനപ്രതിനിധികളും അതിനോട് സഹകരിച്ചു. എന്നിട്ടും ആരാണ് രണ്ടാം സര്‍വെക്ക് നിര്‍ദേശിച്ചത്?. രണ്ടാം സര്‍വെയോടും മസ്ജിദ് കമ്മിറ്റി സഹകരിച്ചു. വന്‍ പോലിസ് സന്നാഹത്തോടെ സര്‍വെ നടത്തുന്നത് എന്തിനാണെന്നാണ് നാട്ടുകാര്‍ ആകെ ചോദിച്ചത്. ഇതാണ് പോലിസ് തോക്കുപയോഗിക്കാന്‍ കാരണം. ഉത്തരവാദികളായ എല്ലാ പോലിസുകാരെയും സസ്‌പെന്‍ഡ് ചെയ്യുകയും കൊലക്കുറ്റത്തിന് കേസെടുക്കുകയും വേണം.'' - അഖിലേഷ് ആവശ്യപ്പെട്ടു. യുപിയില്‍ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ മുസ്‌ലിംകളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.