ഷാഹി ജുമാ മസ്ജിദ് വെടിവയ്പ്: പോലിസ് ഭീകരത തുറന്നുകാട്ടി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍
സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിന് സമീപം പോലിസ് വെടിവച്ചു കൊന്നവരുടെ കുടുംബങ്ങള്‍ നീതി തേടുന്നു. പോലിസ് വെടിവച്ചു കൊന്ന നഈം ഗാസി, മുഹമ്മദ് അയാന്‍, ബിലാല്‍ അന്‍സാരി എന്നിവരുടെ കുടുംബങ്ങളാണ് നീതി ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ആവശ്യം.
മസ്ജിദില്‍ സര്‍വേ നടത്താന്‍ പോലിസ് അകമ്പടിയോടെ അഡ്വക്കറ്റ് കമ്മീഷണര്‍ എത്തിയ സമയത്ത് 35കാരനായ നഈം ഗാസി അവിടെയുണ്ടായിരുന്നില്ലെന്ന് മാതാവ് ഇദ്‌രിസ് പറഞ്ഞു. ''വീട്ടിലേക്ക് പഞ്ചസാര വാങ്ങാന്‍ വേണ്ടിയാണ് നഈം പുറത്തുപോയത്. കടക്ക് സമീപം വച്ചാണ് നഈമിനെ പോലിസ് വെടിവച്ചത്. പരിക്കേറ്റ അവനെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ പോലും പോലിസ് തയ്യാറായില്ല.''- ഇദ്‌രിസ് പറയുന്നു. കനത്ത പോലിസ് നിയന്ത്രണത്തിലാണ് നഈമിനെ കബറടക്കിയത്. മസ്ജിദിന് സമീപം പലഹാര കട നടത്തിയിരുന്ന നഈമിന് ഭാര്യയും നാലു മക്കളുമാണുള്ളത്. മക്കളെല്ലാം പതിനൊന്ന് വയസിന് താഴെയുള്ളവരാണ്.
നഈമിന്റെ വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെയാണ് കൊല്ലപ്പെട്ട മുഹമ്മദ് അയാന്‍ എന്ന പത്തൊമ്പതുകാരന്റെ വീട്. പക്ഷെ, മകന്‍ മരിച്ചത് മാതാവായ നഫീസ ആദ്യം അറിഞ്ഞിരുന്നില്ല. എന്തോ അസുഖം മൂലം അയാനെ ആശുപത്രിയില്‍ ആക്കിയെന്നാണ് ബന്ധുക്കള്‍ നഫീസയോട് പറഞ്ഞത്. പതിനെട്ട് വര്‍ഷം മുമ്പ് പിതാവ് മരിച്ചതിനാല്‍ എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ അയാന്‍ തൊട്ടടുത്ത ഒരു ഹോട്ടലില്‍ ജോലിയെടുക്കുകയായിരുന്നു.
അയാന്റെ കുട്ടിക്കാലത്തെ ചിത്രം
കുടുംബത്തിലെ വരുമാനമുള്ള ഏക അംഗമായിരുന്ന അയാന്റെ ദിവസക്കൂലി 150 രൂപയായിരുന്നു. കൊല്ലപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് തന്നെ മസ്ജിദിന് സമീപത്ത് നിന്ന് പിക്ക് ചെയ്ത് വീട്ടില്‍ എത്തിച്ചതായി അയാന്റെ മുതിര്‍ന്ന സഹോദരി രേഷ്മ പറഞ്ഞു.
അയാന്റെ വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് പോലിസ് വെടിവച്ചു കൊന്ന 22കാരനായ ബിലാല്‍ അന്‍സാരിയുടെ വീട്. നാലു സഹോദരന്‍മാരും രണ്ടു സഹോദരിമാരുമാണ് ബിലാല്‍ അന്‍സാരിക്കുള്ളത്. കുടുംബം നോക്കാനായി പ്രദേശത്ത് തുണിക്കട നടത്തുകയായിരുന്നു ബിലാല്‍. ശനിയാഴ്ച്ച രാത്രി ഡല്‍ഹിയില്‍ നിന്ന് എത്തിയ തുണി പാര്‍സല്‍ കടയില്‍ കൊണ്ടുവയ്ക്കാനാണ് ബിലാല്‍ വീട്ടില്‍ നിന്ന് പുറത്തുപോയതെന്ന് കുടുംബം പറഞ്ഞു. മസ്ജിദില്‍ സര്‍വെ നടക്കുന്ന കാര്യം പോലും ബിലാലിന് അറിയില്ലായിരുന്നു. ഞായറാഴ്ച്ച രാവിലെ പതിനൊന്നുമണിയോടെ ഒരാള്‍ വിളിച്ച് ബിലാലിന് വെടിയേറ്റ കാര്യം അറിയിച്ചെന്ന് ഇളയ സഹോദരനായ അലി പറയുന്നു. അവിടേക്ക് ഓടിയെത്തിയ കുടുംബം ചന്ദൗസിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ ചികില്‍സ നിഷേധിച്ചു. തുടര്‍ന്ന് മൊറാദാബാദ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ എത്തുന്നതിനും മുമ്പേ ബിലാല്‍ മരിച്ചിരുന്നു.
ബിലാലിനെ പോലിസ് കൊന്നതാണെന്ന് മാതാവ് സഹാന ബീഗം പറഞ്ഞു. '' പോലിസ് എന്റെ മകനെ കൊന്നു. അവര്‍ക്കെതിരേ കേസെടുക്കണം''.-സഹാന പറഞ്ഞു. നാട്ടുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയെന്നാണ് പോലിസ് പ്രചരിപ്പിക്കുന്നതെന്ന് പിതാവ് അന്‍വര്‍ അന്‍സാരി പറഞ്ഞു. ''അത് നുണയാണ്. പോലിസ് എന്റെ മകനെ പുറകില്‍ വെടിവയ്ക്കുകയായിരുന്നു. അങ്ങനെയാണ് അവന്‍ മരിച്ചത്.''-അന്‍വര്‍ അന്‍സാരി പറഞ്ഞു.
പോലിസ് വെടിവച്ചു കൊന്ന മുഹമ്മദ് കൈഫ് തുത്തിപൂര്‍ സ്വദേശിയാണ്. വെടിയേറ്റ പരിക്കുകളുമായി മൊറാദാബാദ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് കൈഫ് മരിച്ചത്. എന്നാല്‍, പോലിസ് ഇവരെ വെടിവച്ചിട്ടില്ലെന്നാണ് എസ്പി കൃഷ്ണ കുമാര്‍ ബിഷണോയ് പറയുന്നത്.
എന്നാല്‍, പോലിസ് വാദത്തെ പ്രദേശവാസികള്‍ ചോദ്യം ചെയ്തു. എന്തിനാണ് മുസ്‌ലിംകള്‍ തന്നെ മുസ്‌ലിംകളെ കൊല്ലുന്നതെന്ന് പ്രദേശവാസിയായ സല്‍മാന്‍ സൈദി ചോദിക്കുന്നു. സര്‍വെ സംഘത്തിന് ഒപ്പം എത്തിയ ഒരു സര്‍ക്കിള്‍ ഓഫീസര്‍ പ്രദേശവാസികളോട് മോശമായി പെരുമാറി. ഔദ്യോഗിക തോക്കുകള്‍ക്ക് പകരം നിയമവിരുദ്ധ തോക്കുകളാണ് പോലിസ് ഉപയോഗിച്ചതെന്നും മറ്റൊരു നാട്ടുകാരന്‍ ദ പ്രിന്റിനോട് പറഞ്ഞു.
പോലിസ് അതിക്രമം നടന്ന പ്രദേശത്ത് ആരും പുറത്തിറങ്ങുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഏകദേശം 30 കടകളാണ് ഇവിടെയുള്ളത്. ഇവയെല്ലാം പൂട്ടിക്കിടക്കുകയാണ്. പ്രദേശവാസികളായ നിരവധി പേര്‍ വീടുകള്‍ പൂട്ടി ബന്ധുവീട്ടുകളിലേക്ക് പോയതായി പ്രദേശവാസിയായ മുഹമ്മദ് ഷമീം അന്‍സാരി പറഞ്ഞു.
UPDATED ON 9.12AM