ഇന്ധന വില നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിന്: ശശി തരൂര്‍

Update: 2021-07-17 08:50 GMT

ചെന്നൈ: കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്ന് കോണ്‍ഗ്രസ് എംപി ഡോ. ശശി തരൂര്‍. ഇന്ധന വില നിയന്ത്രിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളല്ലെന്നും തരൂര്‍ പറഞ്ഞു. തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനത്തിന്മേലുള്ള നികുതി കുറയ്ക്കണമെന്ന് പ്രതീക്ഷിക്കുന്നത് അനീതിയാണ്. ഇന്ധനവിലയ്‌ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ സെസ്സും ചുമത്തുന്നുണ്ട്. സെസിന്റെ 96 ശതമാനവും കേന്ദ്ര സര്‍ക്കാരിനാണെണെന്നത് ഓര്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. വിവധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മെയ് നാലിന് ശേഷം ഇന്ധന വില അനിയന്ത്രിതമായി വര്‍ധിപ്പിച്ചതായി തരൂര്‍ ചൂണ്ടിക്കാട്ടി.

പെട്രോള്‍ ഡീസല്‍ വില കൂടിയതിന് പിന്നാലെ പച്ചക്കറികള്‍, പഴങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, മറ്റ് അവശ്യ ഗാര്‍ഹിക വസ്തുക്കള്‍ എന്നിവയ്ക്കും വില കൂടി. ആരോഗ്യകരമായ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് അല്ല ഇത്. വിലക്കയറ്റം ചെറു്കകാനായി മോദി സര്‍ക്കാര്‍ ഒരുനടപടിയിും സ്വീകരിച്ചില്ലെന്ന് തരൂര്‍ കുറ്റപ്പെടുത്തി.

മോദി സര്‍ക്കാരിന്റെ ഏഴുവര്‍ഷത്തെ ദുര്‍ഭരണവും തെറ്റായ തീരുമാനങ്ങളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പാം ഓയില്‍, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ചില അവശ്യവസ്തുക്കളുടെ ഇറക്കുമതി തീരുവ വര്‍ധിച്ചിട്ടുണ്ട്. നികുതിയും സെസ്സും കുറച്ച് ഇന്ധന വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News