ഫേസ്ബുക്ക് ഇന്ത്യയുടെ പ്രതിനിധികളെ പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ വിളിച്ച് വരുത്തും
വിദ്വേഷ പ്രചാരണത്തില്‍ ഫേസ്ബുക്ക് ഇന്ത്യ മേധാവികള്‍ ബിജെപിയെ പിന്തുണക്കുന്നുവെന്ന റിപോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് നടപടി.
ന്യൂഡല്‍ഹി: ബിജെപി-ഫേസ്ബുക്ക് ബന്ധം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ ഫേസ്ബുക്ക് ഇന്ത്യയുടെ പ്രതിനിധികളെ പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ വിളിച്ച് വരുത്താന്‍ തീരുമാനം. സെപ്തംബര്‍ രണ്ടിന് ഹാജരാകാനാണ് ശശി തരൂര്‍ തലവനായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ പ്രതിനിധികളോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്വേഷ പ്രചാരണത്തില്‍ ഫേസ്ബുക്ക് ഇന്ത്യ മേധാവികള്‍ ബിജെപിയെ പിന്തുണക്കുന്നുവെന്ന റിപോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് നടപടി. രാജ്യത്ത് ആദ്യമായാണ് ഫേസ്ബുക്ക് അധികൃതരെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിളിച്ചുവരുത്തുന്നത്. പൗരാവകാശ സംരക്ഷണവും സമൂഹമാധ്യമങ്ങളുടെ ദുരുപയോഗവും എന്ന വിഷയത്തില്‍ ഫേസ്ബുക്കിന്റെ അഭിപ്രായം തേടുമെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി നല്‍കിയ നോട്ടിസില്‍ വ്യക്തമാക്കി.
പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ തലവനായ ശശി തരൂരിനെതിരെ ബിജെപി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളോട് ആലോചിക്കാതെയാണ് ശശി തരൂര്‍ ഫേസ്ബുക്ക് പ്രതിനിധികളെ വിളിച്ചുവരുത്തുമെന്ന പ്രസ്താവന നടത്തിയതെന്ന് ആരോപിച്ചാണ് ബിജെപി അംഗങ്ങള്‍ രംഗത്തെത്തിയത്. തരൂര്‍ നിയമം ലംഘിച്ചെന്ന് കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ആരോപിച്ചു. ശശി തരൂരിനെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥാനത്തുനിന്ന് നീക്കണമെന്ന് നിഷികാന്ത് ദുബേ കത്തിലൂടെ സ്പീക്കറോട് ആവശ്യപ്പെട്ടു.