ലോകത്തെ സ്വാധീനിച്ച 100 പേരുടെ ടൈം പട്ടികയില്‍ ഇടംപിടിച്ച് ജര്‍റാഹിലെ ഇരട്ട സഹോദരങ്ങളും
കിഴക്കന്‍ ജറുസലേമിന്റെ അധിനിവേശ പ്രദേശമായ ഷെയ്ഖ് ജര്‍റാഹിലെ വീട്ടില്‍ നിന്ന് നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബത്തിലെ അംഗങ്ങളാണ് ടൈം മാസികയുടെ വാര്‍ഷിക പട്ടികയില്‍ ഇടംപിടിച്ച ഇരുവരും.
ജറൂസലം: ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ 100 പേരുടെ ടൈം മാസികയുടെ പട്ടികയില്‍ ഇടംപിടിച്ച് ഫലസ്തീന്‍ യുവ പോരാളികളായ മുന അല്‍കുര്‍ദും മുഹമ്മദ് അല്‍കുര്‍ദും. കിഴക്കന്‍ ജറുസലേമിന്റെ അധിനിവേശ പ്രദേശമായ ഷെയ്ഖ് ജര്‍റാഹിലെ വീട്ടില്‍ നിന്ന് നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബത്തിലെ അംഗങ്ങളാണ് ടൈം മാസികയുടെ വാര്‍ഷിക പട്ടികയില്‍ ഇടംപിടിച്ച ഇരുവരും.
ജൂത കുടിയേറ്റക്കാര്‍ക്ക് വഴിയൊരുക്കാന്‍ ഫലസ്തീനികളെ ശൈഖ് ജര്‍റാഹില്‍നിന്ന് ബലം പ്രയോഗിച്ച് മാറ്റാനുള്ള ഇസ്രായേല്‍ ശ്രമങ്ങള്‍ തടയുന്നതിനുള്ള ആഗോള പ്രചാരണത്തിന്റെ മുഖമായി 23കാരായ ഈ ഇരട്ട സഹോദരങ്ങള്‍ അടുത്തിടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ ജൂണിലെ പ്രതിഷേധത്തിന്റെ പേരില്‍ ഇസ്രായേല്‍ സൈന്യം ഇരുവരെ അറസ്റ്റുചെയ്യുകയും, മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
'ഓണ്‍ലൈന്‍ പോസ്റ്റുകളിലൂടെയും മാധ്യമങ്ങളിലൂടെയും, സഹോദരങ്ങളും ആക്റ്റിവിസ്റ്റുകളുമായ മുന അല്‍കുര്‍ദും മുഹമ്മദ് അല്‍കുര്‍ദും ഈ വസന്തകാലത്ത് ലോകത്തിന് കിഴക്കന്‍ ജറുസലേമില്‍ അധിനിവേശത്തിന് കീഴില്‍ ജീവിക്കുന്നവരിലേക്ക് ഒരു വാതായനം തുറന്നു നല്‍കുകയും ഇതിലൂടെ ഇസ്രായേലിനേയും ഫലസ്തീനേയും സംബന്ധിച്ച് വാചാടോപത്തില്‍ ഒരു അന്താരാഷ്ട്ര മാറ്റം വരുത്താന്‍ സഹായിച്ചെന്നും മാസിക സഹോദരങ്ങളെക്കുറിച്ച് എഴുതി.
പട്ടികയില്‍ പേരുള്ളത് ഒരു 'പോസിറ്റീവ്' ആയ കാര്യമാണെന്ന് ബുധനാഴ്ച ട്വിറ്ററില്‍ ഒരു പ്രസ്താവനയില്‍ മുഹമ്മദ് എല്‍കുര്‍ദ് പറഞ്ഞു