മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പാടിന്റെ 15ാം വര്‍ഷികത്തില്‍ മുസ് ലിംലീഗ് സംസ്ഥാന കമ്മിറ്റി സപ്തംബര്‍ നാലിന് മലപ്പുറത്ത് അനുസ്മരണവും ദേശീയ സെമിനാറും നടത്തും. ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'ശിഹാബ് തങ്ങളുടെ ദര്‍ശനം' എന്ന പേരിലാണ് ദേശീയ സെമിനാര്‍ നടത്തുകയെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം മുണ്ടുപറമ്പ് കാവുങ്ങല്‍ ബൈപാസിലെ വുഡ്‌ബൈന്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് പരിപാടി. രാവിലെ 10ന് മുസ് ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ് ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും മുന്‍ പാര്‍ലമെന്റ് അംഗവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ മുഖ്യാതിഥിയാവും.
ലക്ഷദ്വീപ് എംപി മുഹമ്മദ് ഹംദുല്ല സഈദ് മുഖ്യപ്രഭാഷണം നടത്തും. മുസ് ലിംലീഗ് ദേശീയ സീനിയര്‍ വൈസ്പ്രസിഡന്റ് ഡോ. എം പി അബ്ദുസ്സമദ് സമദാനി എംപി അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. പി വി അബ്ദുല്‍വഹാബ് എംപി, അഡ്വ. പി എം എ സലാം, കെ പി എ മജീദ് എംഎല്‍എ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, പി അബ്ദുല്‍ ഹമീദ് എംഎല്‍എ, ദേശീയ-സംസ്ഥാന നേതാക്കള്‍, എംഎല്‍എമാര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന 'ശിഹാബ് തങ്ങളുടെ ദര്‍ശനം' ദേശീയ സെമിനാറില്‍ ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം ചീഫ് പാട്രണ്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ദേശീയ ഭരണക്രമവും ന്യൂനപക്ഷങ്ങളും എന്ന വിഷയം മുസ് ലിം ലീഗ് ലോക്‌സഭാ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ ടി. മുഹമ്മദ്ബഷീര്‍ എംപി അവതരിപ്പിക്കും. മീഡിയവാച്ച് ഡോഗ് ഓഫ് ഡെമോക്രസി മാതൃഭൂമി പത്രാധിപര്‍ മനോജ് കെ ദാസും, 'ദിശ നഷ്ടപ്പെടുന്ന ഇന്ത്യന്‍ ഇടതുപക്ഷം' ഡോ. എം കെ മുനീറും, 'ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ ശിഹാബ് തങ്ങളുടെ സ്വാധീനം' ചന്ദ്രിക മുന്‍ പത്രാധിപര്‍ സിപി സൈതലവിയും അവതരിപ്പിക്കും. സമാപന സംഗമം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി ഉബൈദുല്ല എംഎല്‍എ അധ്യക്ഷത വഹിക്കും. പി കെ ഫിറോസ്, പി വി അഹമ്മദ് സാജു പ്രസംഗിക്കും. ശിഹാബ് തങ്ങളുടെ പതിനഞ്ചാം ഓര്‍മ ദിനമായിരുന്ന ആഗസ്ത് ഒന്നിന് നടത്താനിരുന്ന സെമിനാര്‍ വയനാട് ദുരന്തത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു, ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ എ കെ സൈനുദ്ദീന്‍, ഡയറക്ടര്‍ അബ്ദുല്ല വാവൂര്‍, കെ ടി അമാനുല്ല, എ എം അബൂബക്കര്‍, പി മുജീബ് സംബന്ധിച്ചു.