ഫലസ്തീന്‍: മാനവികതയ്‌ക്കെതിരെയുളള സയണിസ്റ്റ് ഭീകരത- പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍
മലപ്പുറം: ഫലസ്തീനില്‍ നടക്കുന്നത് മാനവികതയ്‌ക്കെതിരെയുളള സയണിസ്റ്റ് ഭീകരതയാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീന്‍: പീഢിതരോടപ്പം പ്രാര്‍ത്ഥനാപൂര്‍വം ഐക്യദാര്‍ഢ്യവാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജന്‍മദേശത്തെ അടയാളപ്പെടുത്തുന്നതില്‍ അവകാശം നിഷേധിക്കപ്പെട്ടവരാണ് ഫലസ്തീനികളായ മുസ്‌ലിമും ക്രിസ്ത്യാനിയുമെല്ലാം. അതിനാല്‍തന്നെ ഫലസ്തീന്‍ പ്രശ്‌നം കേവലം മുസ്‌ലിമിന്റെ മാത്രം പ്രശ്‌നമല്ല, മാനവികതയുടെയും അറബ് ദേശീയതയുടെയും മേലുള്ള കൈയേറ്റമാണ്. തീര്‍ച്ചയായും ഇത് സയണിസ്റ്റ് ഭീകരതയാണ്.
കേവലമൊരു മുസ്‌ലിം പ്രശ്‌നമാക്കി മാത്രം നിലനിര്‍ത്താന്‍ ഇസ്രായേല്‍ ബോധപൂര്‍വം ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്- സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. എസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ്‌വൈഎഫ് കേന്ദ്രസമിതി കണ്‍വീനര്‍ അലി അക്ബര്‍ മൗലവി, ഐകെഎസ്എസ് ചെയര്‍മാന്‍ അഡ്വ: ഫാറൂഖ് മുഹമ്മദ് സുല്‍ത്താന്‍ ബത്തേരി, എസ്‌വൈഎഫ് സംസ്ഥാന സെക്രട്ടറി സലിം വഹബി ഉപ്പട്ടി സംസാരിച്ചു. നാളെയും മറ്റന്നാളും നടക്കുന്ന വെബിനാറില്‍ അഡ്വ: ടി സിദ്ദീഖ് എംഎല്‍എ, അഡ്വ. ഫൈസല്‍ ബാബു, മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ, ഇബ്രാഹിം വഹബി തോണിപ്പാടം, അശ്‌റഫ് ബാഖവി ഒടിയപാറ, റിയാസ് ഗസ്സാലി വെള്ളിലാടി എന്നിവര്‍ സംസാരിക്കും.