ഗോത്രവര്‍ഗ യുവാവ് കൊല്ലപ്പെട്ടത്തിനു പിന്നാലെ ത്രിപുരയില്‍ സംഘര്‍ഷം; തീവയ്പ്
അഗര്‍ത്തല: ത്രിപുരയിലെ ധലായ് ജില്ലയില്‍ ഗോത്രവര്‍ഗ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ സംഘര്‍ഷവും തീവയ്പും. നിരവധി കടകള്‍ കത്തിക്കുകയും വീടുകള്‍ ആക്രമിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ജൂലൈ ഏഴിന് ധലായ് ജില്ലയിലെ ഗണ്ഡത്വിസയില്‍ രഥയാത്രയോടനുബന്ധിച്ച് ഇരുസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
സംഭവത്തില്‍ പരിക്കേറ്റ കോളജ് വിദ്യാര്‍ഥി പരമേശ്വര് റിയാങ്(19) മരണപ്പെട്ടതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. വെള്ളിയാഴ്ച പ്രദേശത്ത് തീവയ്പുണ്ടായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പോലിസുകാരെ വിന്യസിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തതായി ധലായ് എസ് പി അവിനാഷ് റായ് പറഞ്ഞു. ഏതാനും വീടുകളും കടകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്.