ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എക്ക് നേരെ വധശ്രമം; പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഡല്‍ഹി മെഹ്‌റൗലി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് നരേഷ്. കിഷന്‍ഗര്‍ഹ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Update: 2020-02-12 01:05 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചിതിന് പിന്നാലെ ആം ആദ്മി എംഎല്‍എ നരേഷ് യാദവിന് നേരെ വധശ്രമം. ക്ഷേത്രത്തില്‍ നിന്ന് മടങ്ങും വഴി നരേഷ് യാദവിനും സംഘത്തിനും നേര്‍ക്ക് വെടിവെപ്പുണ്ടാവുകയായിരുന്നു. അക്രമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹി മെഹ്‌റൗലി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് നരേഷ്. കിഷന്‍ഗര്‍ഹ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാല് റൗണ്ട് വെടിവെപ്പാണ് ഉണ്ടായതെന്ന് എംഎല്‍എ നരേഷ് യാദവ് എന്‍ഐയോട് പ്രതികരിച്ചു. വാഹനത്തിന് നേര്‍ക്ക് അക്രമം ഉണ്ടാവുകയായിരുന്നു. പോലിസ് കൃത്യമായി അന്വേഷണം നടത്തുമെന്ന് അക്രമികളെ പിടികൂടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തലസ്ഥാന നഗരയിലെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പുകളും ഇപ്പോള്‍ എംഎല്‍എക്കെതിരേ നടന്ന വെടിവയ്പ്പും പോലിസിന്റെ വീഴ്ച്ചയാണെന്നും ആം ആദ്മി കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അമിത് ഷാക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.


Tags:    

Similar News