ഇരയുടെ നീതിക്കായി കാപ്പന്‍ ശബ്ദിച്ചു; നിയമത്തിന്റെ കണ്ണില്‍ ഇത് കുറ്റകൃത്യമാവുമോ ? യുപി സര്‍ക്കാരിനോട് സുപ്രിംകോടതി
ന്യൂഡല്‍ഹി: യുപി പോലിസ് അന്യായമായി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിംകോടതിയില്‍ നടന്നത് നിര്‍ണായക വാദങ്ങള്‍. സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കാതിരിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരത്തിയ കള്ളക്കഥകള്‍ തള്ളിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച്, ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് നടത്തിയത്. ഹാഥ്‌റസ് സംഭവത്തിന്റെ പേരില്‍ കലാപമുണ്ടാക്കാനുള്ള പോപുലര്‍ ഫ്രണ്ടിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് കാപ്പനെന്നുമാണ് യുപി സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജത്മലാനി വാദിച്ചത്.
ഇരയ്ക്ക് നീതി വേണമെന്ന് ആവശ്യപ്പെടുകയും പൊതുവായ ശബ്ദം ഉയര്‍ത്താനുമാണ് കാപ്പന്‍ ശ്രമിക്കുന്നത്. ഇത് നിയമത്തിന്റെ കണ്ണില്‍ കുറ്റകൃത്യമാവുമോ,- യുപി സര്‍ക്കാരിന്റെ അഭിഭാഷകനോട് ബെഞ്ച് ചോദിച്ചു. ഓരോ വ്യക്തിക്കും അഭിപ്രായസ്വാതന്ത്ര്യത്തിന് അവകാശമുണ്ട്. കാപ്പനെതിരേ ടൂള്‍കിറ്റായി ആരോപിച്ച് പ്രോസിക്യൂഷന്‍ ഹാജരാക്കിയ വസ്തുക്കള്‍ അന്യഭാഷയിലുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2020 സപ്തംബറില്‍ കാപ്പന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) യോഗത്തില്‍ പങ്കെടുത്തിരുന്നു. ഫണ്ടിങ് നിര്‍ത്തിയതായി യോഗത്തില്‍ പറഞ്ഞു. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ പോയി കലാപമുണ്ടാക്കാന്‍ യോഗത്തില്‍ തീരുമാനമായി. കൂട്ടുപ്രതികള്‍ ഇതുസംബന്ധിച്ച് മൊഴി നല്‍കിയിരുന്നു. ഉന്നത പിഎഫ്‌ഐ നേതാവാണ് ഗൂഢാലോചന വെളിപ്പെടുത്തിയതെന്നും ജത്മലാനി പറഞ്ഞു. എന്നാല്‍, കൂട്ടുപ്രതിയുടെ മൊഴി കാപ്പന് എതിരാവില്ലെന്ന് ചീഫ് ജസ്റ്റിസ് ലളിത് പറഞ്ഞു. ഹാഥ്‌റസ് ഇരയ്ക്ക് നീതി എന്നായിരുന്നു മുഴുവന്‍ പ്രചരണവും.. പിന്നെ പ്രധാനമന്ത്രിയുടെ രാജിയായിരുന്നു അജണ്ട, തുടര്‍ന്ന് ഇ- മെയിലുകള്‍ അയച്ചു. ഇതൊരു നിര്‍ദേശമായിരുന്നു, കാപ്പന്‍ സഞ്ചരിച്ച കാറില്‍ നിന്ന് ഹാഥ്‌റസ് ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുന്ന ലഘുലേഖ ലഭിച്ചെന്നും ജത്മലാനി പറഞ്ഞു.
എന്നാല്‍, യുപി സര്‍ക്കാരിന്റെ വാദം ബെഞ്ച് തള്ളി. നിര്‍ഭയ സംഭവത്തിന്റെ പേരില്‍ 2011ലും ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധം നടന്നിരുന്നു. മാറ്റം കൊണ്ടുവരാന്‍ ചിലപ്പോള്‍ പ്രതിഷേധങ്ങള്‍ വേണ്ടിവരും. അതിനുശേഷം നിയമങ്ങളില്‍ മാറ്റം വന്നതായി നിങ്ങള്‍ക്കറിയാം. ഇത് പ്രതിഷേധങ്ങളാണ് മിസ്റ്റര്‍ ജത്മലാനി- ജസ്റ്റിസ് ഭട്ട് അഭിപ്രായപ്പെട്ടു. വിശദമായ വാദത്തിനൊടുവില്‍ സുപ്രിംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തുടര്‍ന്നാണ് ആറാഴ്ച ഡല്‍ഹിയില്‍ തങ്ങാനും ജംഗ്പുരയിലെ പോലിസ് സ്‌റ്റേഷനില്‍ എല്ലാ ദിവസവും ഹാജരാവാനും കാപ്പനോട് നിര്‍ദേശിച്ചത്. ആറാഴ്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടാവും.
എല്ലാ തിങ്കളാഴ്ചയും ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ ഹാജര്‍ രേഖപ്പെടുത്തുമെന്നും കോടതി നിര്‍ദേശിച്ചു. കാപ്പനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ എല്ലാ ദിവസവും വിചാരണ കോടതിയില്‍ ഹാജരാവണം. പുറത്തിറങ്ങുന്നതിന് മുമ്പ് കാപ്പന്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം- ഉത്തരവില്‍ പറയുന്നു. അതേസമയം, കാപ്പന് പുറത്തിറങ്ങണമെങ്കില്‍ 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ കാപ്പന് ജാമ്യം ലഭിക്കേണ്ടതുണ്ട്. കാപ്പനെതിരേ ആരംഭിച്ച ഇഡി കേസ് നടപടികളില്‍ ജാമ്യത്തിന് അപേക്ഷിക്കാനുള്ള സ്വാതന്ത്ര്യവും കാപ്പന് അനുവദിച്ചിട്ടുണ്ട്.
ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ ഹാഥ്‌റസിലേക്ക് പോവുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് മലയാളി മാധ്യപ്രവര്‍ത്തകനും കെയുഡബ്ല്യുജെ ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. കാംപസ് ഫ്രണ്ട് ദേശീയ ഖജാഞ്ചി അതീഖുര്‍റഹ്മാന്‍, മസൂദ്, ഓലെ കാബ് ഡ്രൈവര്‍ ആലം എന്നിവരെയും കാപ്പനോടൊപ്പം അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് പ്രദേശത്തെ സൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ ഹാഥ്‌റസിലേക്ക് പോയതെന്ന കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുഎപിഎ, രാജ്യദ്രോഹം, ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയ കടുത്ത വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു. രണ്ടുവര്‍ഷത്തോളം ജയിലിലടച്ച ശേഷം കഴിഞ്ഞ മാസം കാബ് ഡ്രൈവര്‍ ആലമിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദീഖ് കാപ്പനും സുപ്രിംകോടതി ജാമ്യം അനുവദിക്കുന്നത്. സിദ്ദിഖ് കാപ്പനു വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദാവെ, മലയാളി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാണ് ഹാജരായത്.