സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ: ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍
കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് മഥുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാപ്പനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ന്യൂഡല്‍ഹി: യുപി പോലിസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് മഥുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാപ്പനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
സിദ്ദിഖ് കാപ്പന്റെ ഭാര്യയും പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകവും നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്.കാപ്പന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ യുപി മുഖ്യമന്ത്രിക്ക് ഇന്നലെ കത്തെഴുതിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആദിത്യനാഥിന് കത്ത് നല്‍കിയിരുന്നു. സുപ്രികോടതി ഇക്കാര്യത്തില്‍ ഇടപെടണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു. കൂടാതെ, വിഷയത്തില്‍ സുപ്രിംകോടതി ഇടപെടണമെന്ന് കേരളത്തില്‍നിന്നുള്ള എംപിമാരും ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് രോഗബാധിതനാണ് സിദ്ദിഖ് കാപ്പന്‍. ജയിലില്‍ ശുചിമുറിയിലേക്ക് പോയപ്പോള്‍ അവിടെ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് സിദ്ധീഖ് കാപ്പന് താടിയെല്ലിനു പൊട്ടലേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചങ്ങലയില്‍ ബന്ധിച്ചതിനാല്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ പോലും കഴിയാതെ സിദ്ധീഖ് കാപ്പന്‍ പ്രയാസപ്പെടുകയാണെന്ന റിപോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ കൂട്ടാക്കാതിരുന്ന കേരള മുഖ്യമന്ത്രി സമ്മര്‍ദ്ദം ശക്തമായതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രിക്ക് അടിയന്തിര ചികില്‍സ നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതാന്‍ തയ്യാറായത്.