സിദ്ദീഖ് കാപ്പനെ എയിംസില്‍നിന്ന് രഹസ്യമായി ജയിലിലേക്ക് മാറ്റിയ നടപടി; യുപി സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ നോട്ടീസ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസ് ചുമത്തി അറസ്റ്റുചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യുജെ) ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍നിന്ന് വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ നടപടിയില്‍ യുപി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്. അഭിഭാഷകന്‍ വില്‍സ് മാത്യൂസ് മുഖേന സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് സിദ്ദീഖ് കാപ്പനാണ് നോട്ടീസ് അയച്ചത്.
ചികില്‍സ പൂര്‍ത്തിയാക്കാതെയാണ് കാപ്പനെ ജയിലിലേക്ക് മാറ്റിയതെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. കാപ്പനെ തിരികെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ആവശ്യം. യുപി സര്‍ക്കാര്‍ ഏപ്രില്‍ 28 ലെ സുപ്രിംകോടതിയുടെ ഉത്തരവ് ലംഘിച്ചെന്നും നോട്ടീസില്‍ പറയുന്നു. കാപ്പന്റെ ആരോഗ്യനില സംബന്ധിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ മെഡിക്കല്‍ റിപോര്‍ട്ടാണ് യുപി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നും നോട്ടീസില്‍ പറയുന്നു. സുപ്രിംകോടതിയുടെ ഉത്തരവ് അനുസരിച്ച് അദ്ദേഹത്തെ മഥുര ജയിലില്‍നിന്ന് ആംബുലന്‍സിലാണ് ന്യൂഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റിയത്. ഏപ്രില്‍ 30 മുതല്‍ അദ്ദേഹം ചികില്‍സയിലായിരുന്നു.
എന്നിരുന്നാലും അദ്ദേഹത്തിന്റെ ചികില്‍സാ പുരോഗതിയെക്കുറിച്ച് കുടുംബാംഗങ്ങളെയോ കാപ്പന്റെ അഭിഭാഷകനെയോ അറിയിച്ചിട്ടില്ലെന്ന് നോട്ടീസ് ആരോപിക്കുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് കാപ്പന്‍ കൊവിഡ് നെഗറ്റീവായെന്നാണ്. എന്നാല്‍, ഡല്‍ഹി എയിംസ് അധികൃതര്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപിക്ക് അയച്ച കത്തില്‍ കാപ്പന്‍ കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമാക്കിയിരുന്ന കാര്യവും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രമേഹവും മറ്റ് ഗുരുതരമായ മെഡിക്കല്‍ പ്രശ്‌നങ്ങളുമുള്ള ഒരാള്‍ ആറുദിവസത്തിനുള്ളില്‍ കൊവിഡില്‍നിന്ന് എങ്ങനെ സുഖം പ്രാപിച്ചു. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച നിങ്ങളുടെ സത്യവാങ്മൂലത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ഞങ്ങള്‍ ഭയപ്പെടുന്നു.
28.04.2021 ലെ മിസ്റ്റര്‍ കാപ്പന്റെ കൊവിഡ് നെഗറ്റീവ് റിപോര്‍ട്ട് നല്‍കുന്ന തരത്തില്‍ നിങ്ങള്‍ സ്വീകരിച്ച നിലപാട് കാപ്പന്റെ അടിസ്ഥാന അവകാശങ്ങളും ചികില്‍സ നേടാനുള്ള അവകാശങ്ങള്‍ നിഷേധിക്കാന്‍ മാത്രമായിരുന്നു. വിരമിച്ച ജഡ്ജിയുടെ അന്വേഷണത്തിലൂടെ മാത്രമേ ശരിയായ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയൂ. ഒരു പൗരന്റെ ജീവിതംവച്ച് ഈ രീതിയില്‍ കളിക്കരുത്.
സുപ്രിംകോടതിയില്‍നിന്ന് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും നിങ്ങളുടെ നടപടി നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണെന്ന് നോട്ടീസില്‍ പറയുന്നു. കഴിഞ്ഞദിവസം എയിംസില്‍ കൊവിഡ് ചികില്‍സ തുടരുന്നതിനിടെ രഹസ്യമായാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. ഭാര്യയോ അഭിഭാഷകനോ അറിയാതെയായിരുന്നു യുപി പോലിസിന്റെ നീക്കം. കൊവിഡ് നെഗറ്റീവായോ എന്ന് അവര്‍ ഉറപ്പുവരുത്തിയില്ലെന്നും നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യിക്കുകയായിരുന്നുവെന്നും കാപ്പന്റെ കുടുംബം ആരോപിച്ചിരുന്നു.
കാപ്പനെ കാണാന്‍ ഡല്‍ഹി എയിംസിലെത്തിയ ഭാര്യ റൈഹാനത്തിനെയും മകനെയും ഉത്തര്‍പ്രദേശ് പോലിസ് അനുവദിച്ചിരുന്നില്ല. ചികില്‍സയില്‍ കഴിയുന്ന തടവുകാര്‍ക്ക് ജയിലിനു പുറത്തുള്ള ബന്ധുക്കളെയോ അഭിഭാഷകരെയോ കാണാന്‍ കഴിയില്ലെന്നാണ് ജയില്‍ നിയമമെന്ന് പറഞ്ഞ് തടയുകയായിരുന്നു. വൈകീട്ട് 6 വരെ ആശുപത്രിയില്‍ കാത്തുനിന്ന റൈഹാനത്ത് പിന്നീട് പരിചയക്കാരന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാപ്പനെ കാണാന്‍ കോടതി വഴിയും മറ്റും ശ്രമിക്കുന്നതിനിടയിലാണ് രഹസ്യമായി യുപി പോലിസ് എയിംസില്‍നിന്ന് വീണ്ടും മഥുര ജയിലിലേക്ക് മാറ്റുന്നത്. ഇതെത്തുടര്‍ന്ന് കാപ്പനെ കാണാനാവാതെ ഭാര്യയും മൂത്ത മകനും ഡല്‍ഹിയില്‍നിന്ന് മടങ്ങുകയായിരുന്നു.