ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലിസ് അന്യായമായി അറസ്റ്റ് ചെയ്ത് യുഎപിഎ അടക്കം ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ നാളെ ജയില്‍ മോചിതനാവും. റിലീസിങ് ഓര്‍ഡര്‍ ലഖ്‌നോ കോടതി ജയിലിലേക്ക് അയച്ചു. മോചനത്തിനുള്ള മറ്റു നടപടികളും പൂര്‍ത്തിയായി. കോടതിയില്‍ നിന്ന് റിലീസിങ് ഓര്‍ഡര്‍ ലഭിക്കാന്‍ വൈകിയതിനാലാണ് ഇന്ന് പുറത്തിറങ്ങാന്‍ തടസ്സം നേരിട്ടത്. കാപ്പന് ആദ്യം ഹാഥ്‌റസ് യുഎപിഎ കേസിലും ഡിസംബര്‍ 23ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസിലും ജാമ്യം ലഭിച്ചിരുന്നു.
എന്നാല്‍, നടപടിക്രമങ്ങളിലെ കാലതാമസം മൂലം ഇതുവരെയായും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള പ്രത്യേക കോടതിയിലെ ജില്ലാ ജഡ്ജി ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ ചൊവ്വാഴ്ചയും നടപടികള്‍ വൈകി. യുഎപിഎ കേസില്‍ സിദ്ദീഖിന് സപ്തംബര്‍ ഒമ്പതിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇഡി കേസുള്ളതിനാല്‍ ജയിലില്‍ തുടരേണ്ടിവരുകയായിരുന്നു. ഇഡി കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചാണ് സിദ്ദീഖിന്റെ ഹരജിയില്‍ ജാമ്യം അനുവദിച്ചത്.
ഇഡി ചുമത്തിയ കേസില്‍ മാധ്യമപ്രവര്‍ത്തകനടക്കം രണ്ട് പേരാണ് സിദ്ദീഖിന് ആള്‍ജാമ്യം നില്‍ക്കുന്നത്. ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇരുവരും കോടതിയില്‍ ഹാജരായി. കാപ്പനെതിരായ തെളിവുകള്‍ അപര്യാപ്തമാണെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 45ാം വകുപ്പ് പ്രകാരം ഒരുകോടി രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ കണക്കിലെടുക്കാന്‍ കഴിയില്ലെന്നും കൂട്ടുപ്രതിയുടെ അക്കൗണ്ടിലേക്ക് വന്ന 5000 രൂപ അല്ലാതെ മറ്റൊരു ഇടപാടും നടന്നതായി തെളിയിക്കാന്‍ ഇഡിക്ക് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഡിസംബര്‍ 23നാണ് ഇഡി കേസില്‍ അലഹബാദ് ഹൈക്കോടതി സിദ്ദീഖിന് ജാമ്യം അനുവദിച്ചത്.
തുടര്‍ന്ന് വിചാരണക്കോടതി ലക്ഷം രൂപ വീതമുള്ള രണ്ട് യുപി സ്വദേശികളുടെ ആള്‍ജാമ്യം വേണമെന്ന വ്യവസ്ഥ നിശ്ചയിക്കുകയായിരുന്നു. ആള്‍ജാമ്യത്തിന് പ്രസ്‌ക്ലബ് ഓഫ് ഇന്ത്യയും ജമാഅത്തെ ഇസ്‌ലാമി ഹിന്ദും മുന്‍കൈയെടുത്തു. യുഎപിഎ കേസില്‍ ആള്‍ജാമ്യം നിന്ന ലഖ്‌നോ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ രൂപ്‌രേഖ വര്‍മ, യുപി സ്വദേശി റിയാസുദ്ദീന്‍ എന്നിവര്‍ സമര്‍പ്പിച്ച രേഖകളുടെ പരിശാധന നടപടികളും ജാമ്യ നടപടികളും നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി റിമാന്റ് ചെയ്യുകയായിരുന്നു. കീഴ്‌ക്കോടതി പലതവണ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് കാപ്പന്‍ സുപ്രിംകോടതിയെ സമീപിച്ചത്.