സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി പറയാന്‍ മാറ്റി -തടസ്സവാദം ഉന്നയിച്ച് യുപി പോലിസ്

Update: 2021-07-06 09:06 GMT

ന്യൂഡല്‍ഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ മഥുര കോടതിയില്‍ വാദം പൂര്‍ത്തിയായി. യുപി സര്‍ക്കാരിന്റെ അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചപ്പോള്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യം തടയാന്‍ യുപി പോലിസ് തടസ്സവാദങ്ങള്‍ ഉന്നയിച്ചു.

കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കാപ്പന് സിമി ബന്ധം ഉണ്ടെന്ന് യുപി പോലിസ് ആവര്‍ത്തിച്ചു. സാമുദായികകലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുമായാണ് കാപ്പനും സംഘവും ഹാഥ്‌റസിലേക്കു പോയതെന്ന കള്ളം യുപി പോലിസ് കോടതിയില്‍ ആവര്‍ത്തിച്ചു. സിദ്ദിഖ് കാപ്പന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഹാഥ്‌റസിലേക്കു പോയതെന്ന വാദം അസത്യമാണെന്നും യുപി പോലിസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

ഹാഥ്‌റസ് കള്ളക്കഥക്ക് അടിസ്ഥാനമില്ല എന്ന് വന്നതോടെ സിദ്ധീഖിനെതിരേ ദുരൂഹമായ കഥ മെനയുകയാണ് സംഘപരിവാര്‍. സിദ്ദീഖ് കാപ്പന്‍ ദക്ഷിണാഫ്രിക്കയില്‍ പോയത് സംബന്ധിച്ചാണ് സംഘപരിവാര്‍ മുഖപത്രമായ ജന്മഭൂമിയിലെ പുതിയ വാര്‍ത്ത. വിക്കിപീഡിയയുടെ കോണ്‍ട്രിബ്യൂട്ടര്‍ എന്ന നിലയില്‍ വിക്കിപീഡിയയുടെ ഔദ്യോഗിക ക്ഷണ പ്രകാരമാണ് സിദ്ദീഖ് കാപ്പന്‍ ദക്ഷിണാഫ്രിക്കയില്‍ പോയത്. 'തേജസ്' ദിനപത്രത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് അവധി എടുത്തായിരുന്നു ആ യാത്ര. വിക്കിപീഡിയയുടെ ക്ഷണപ്രകാരം നടത്തിയ ദക്ഷിണാഫ്രിക്കന്‍ യാത്രയേയാണ് ജന്മഭൂമി ദുരൂഹമായി അവതരിപ്പിക്കുന്നത്.

ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെയാണ് കാപ്പനെ യുപി പോലിസ് അന്യായമായി അറസ്റ്റ് ചെയ്തത്.

സിദ്ദീഖ് കാപ്പന്‍ കഴിഞ്ഞ ഒമ്പതു മാസമായി അന്യായമായി ജയിലില്‍ കഴിയുകയാണെന്നും അസുഖബാധിതയായ മാതാവ് കഴിഞ്ഞമാസം 18ന് മരണപ്പെട്ടെന്നും അഭിഭാഷകന്‍ വില്‍സ് മാത്യൂസ് കോടതിയെ അറിയിച്ചു. സിദ്ദീഖ് കാപ്പന്‍ നിരപരാധിയാണ്. വാര്‍ത്താശേഖരത്തിനുള്ള അവകാശം ലംഘിക്കപ്പെട്ടു. അതിനാല്‍ ജാമ്യം നല്‍കണമെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിനു കാരണമായ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം മഥുര സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതി തെളിവില്ലാത്തതിനാല്‍ ഇക്കഴിഞ്ഞ ജൂണ്‍ 16ന് ഒഴിവാക്കിയിരുന്നു.

Tags:    

Similar News