സിദ്ദീഖ് കാപ്പന്റെ മാതാവ് ഖദീജക്കുട്ടി മരണപ്പെട്ടു
വൃദ്ധമാതാവിന്റെ വിടവാങ്ങല്‍ മകന്റെ മോചനം കാണാതെ...
വേങ്ങര(മലപ്പുറം): യുപി പോലിസ് അന്യായമായി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മാതാവ് വേങ്ങര പൂച്ചോലമേട്ടിലെ ഖദീജക്കുട്ടി മരണപ്പെട്ടു. പരേതനായ മുഹമ്മദ് കുട്ടി കാപ്പന്റെ ഭാര്യയാണ്. മകന്റെ മോചനം കാണാതെയാണ് വൃദ്ധമാതാവ് വിടവാങ്ങിയത്. വിവിധ രോഗങ്ങളാല്‍ അലട്ടിയ 91കാരിയായ ഖദീജ കുട്ടി കിടപ്പിലായിരുന്നു. മറ്റു മക്കള്‍: ഹംസ, ഫാത്തിമ, ആയിശ, മറിയമ്മു, ഖദിയമ്മു, അസ്മാബി. മരുമക്കള്‍: സുബൈദ, റൈഹാനത്ത്, മുഹമ്മദ്, മുഹമ്മദ് കുട്ടി, അലവി, ഹംസ, ബഷീര്‍.ഖബറടക്കം ഇന്നു രാത്രി 9ന് വേങ്ങര പൂചോലമാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് നാവറുത്ത് കൊലപ്പെടുത്തിയ സ്ഥലത്ത് വാര്‍ത്താശേഖരണാര്‍ഥം പോവുന്നതിനിടെ യുപി മഥുര പോലിസ് സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മകന്‍ ജയിലിലാണെന്ന വിവരം പോലുമറിയാതെ ആശുപത്രിയിലും വീട്ടിലുമായി കഴിഞ്ഞിരുന്ന മാതാവിനെ കാണാന്‍ ഇതിനിടെ, സിദ്ദീഖ് കാപ്പന് അഞ്ചുദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. രോഗക്കിടക്കയില്‍ കഴിയുന്ന മാതാവിന്റെ ആരോഗ്യനില പരിഗണിച്ച് സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കെയുഡബ്ല്യൂജെയ സുപ്രിംകോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ആശ്വാസനടപടിയുണ്ടായത്. എന്നാല്‍, യൂനിയന്‍ പറയുന്നതുപോലുള്ള ആരോഗ്യ പ്രശ്‌നം സിദ്ദിഖ് കാപ്പന്റെ മാതാവിന് ഇല്ലെന്നായിരുന്നു യുപി പോലിസിന്റെ വാദം. ആവശ്യമെങ്കില്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെ ചിത്രങ്ങള്‍ ഹാജരാക്കാമെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ മറുപടി നല്‍കിയതിനെ തുടര്‍ന്നാണ് സിദ്ദീഖ് കാപ്പന് അഞ്ചുദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നത്. ഏതായാലും സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ കുടുക്കാന്‍ വേണ്ടി യുപി മഥുര പോലിസ് ആദ്യം ചുമത്തിയ കേസ് തെളിവില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം മഥുര കോടതി തള്ളിയിരുന്നു. എങ്കിലും യുഎപിഎ ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരുകയാണ്.
Siddique Kappan's mother Khadeeja Kutty has died