ഗസാ സിറ്റി: ഗസയില്‍ ഇസ്രായേലുമായി ഇനിയും നീണ്ട യുദ്ധത്തിന് ഹമാസ് തയ്യാറാണെന്ന് രാഷ്ട്രീയകാര്യ വിഭാഗം മേധാവി യഹ് യാ സിന്‍വാര്‍. തൂഫാനുല്‍ അഖ്‌സയുടെ പേരില്‍ ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന കൂട്ടക്കൊലയ്ക്ക് ഒരു വര്‍ഷം ആവാറാവുമ്പോഴാണ് യഹ് യാ സിന്‍വാറിന്റെ പ്രതികരണം. ലെബനനിലെയും ഇറാഖിലെയും ഗ്രൂപ്പുകളുമായുള്ള ഞങ്ങളുടെ സംയുക്ത പരിശ്രമം ശത്രുവിനെ തകര്‍ക്കുകയും അതിനെ പരാജയപ്പെടുത്തുകയും ചെയ്യുമെന്നും സിന്‍വാര്‍ പറഞ്ഞു. ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസിന് ഇസ്രായേല്‍ അധിനിവേശക്കാര്‍ക്കെതിരായ പോരാട്ടം നിലനിര്‍ത്താനുള്ള വിഭവങ്ങള്‍ ഇനിയുമുണ്ടെന്നും സിന്‍വാര്‍ ഓര്‍മിപ്പിച്ചു. കഴിഞ്ഞ മാസം ഇറാനിലെ തെഹ്‌റാനില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയ്ക്കു പിന്നാലെയാണ് സിന്‍വാറിനെ തദ്സ്ഥാനത്തേക്കു നിയമിച്ചത്. തിങ്കളാഴ്ച യെമന്‍ സഖ്യകക്ഷികള്‍ക്ക് അയച്ച കത്തിലും ഒരു നീണ്ട യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് സിന്‍വാര്‍ അറിയിച്ചിരുന്നു. ഒക്‌ടോബര്‍ ഏഴിന് ആരംഭിച്ച 11 മാസത്തിലധികം നീണ്ട യുദ്ധത്തിന് ശേഷം ഗസയിലെയും മേഖലയിലെ മറ്റിടങ്ങളിലെയും ചെറുത്തുനില്‍പ്പ് സംഘങ്ങള്‍ ശത്രുവിന്റെ രാഷ്ട്രീയ ഇച്ഛാശക്തി തകര്‍ക്കുമെന്ന് സിന്‍വാര്‍ ഹൂതികള്‍ക്കയച്ച കത്തില്‍ പറഞ്ഞിരുന്നു. ഉപരോധിച്ച മേഖലയില്‍ ഇസ്രായേല്‍ കൂട്ടക്കൊല തുടരുന്നതിനിടെയാണ് സിന്‍വാറിന്റെ കത്ത് പുറത്തുവന്നത്. ഇതിനു മറുപടിയെന്നോണം
ഗസയില്‍ ഇസ്രായേല്‍ ആക്രമണവും ഉപരോധവും തുടരുന്നിടത്തോളം ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതി ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മധ്യ ഇസ്രായേലിലേക്ക് ഹൈപര്‍സോണിക് മിസൈല്‍ ആക്രമണം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട ശേഷമാണ് ഹൂതികളുടെ പ്രഖ്യാപനം. ഞായറാഴ്ചയാണ് ഇസ്രായേലി ഇന്റര്‍സെപ്റ്ററുകളുടെ പരാജയപ്പെടുത്തി മധ്യ ഇസ്രായേലില്‍ ഹൂതികളുടെ മിസൈല്‍ പതിച്ചത്.