പരീക്ഷ തീരുന്ന ദിവസം സംഘര്‍ഷമുണ്ടാകുന്ന ആഘോഷങ്ങള്‍ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ സ്‌കൂളുകളില്‍ പാടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കില്‍ സ്‌കൂളുകളില്‍ പോലിസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗത്തില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനം, സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അവധിക്കാല അധ്യാപക പരിശീലനം, പാഠപുസ്തക വിതരണ ഉദ്ഘാടനം തുടങ്ങിയവ ചര്‍ച്ച ചെയ്യാനാണ് മന്ത്രി ഉത്തര മേഖല, ദക്ഷിണ മേഖല യോഗങ്ങള്‍ ഓണ്‍ലൈനില്‍ വിളിച്ചു ചേര്‍ത്തത്.