നിര്‍ബന്ധിത ക്രിസ്ത്യന്‍ മതപരിവര്‍ത്തനമെന്ന് ആര്‍എസ്എസ് പരാതി; യുപിയില്‍ ആറ് സ്ത്രീകള്‍ അറസ്റ്റില്‍

Update: 2022-08-02 16:08 GMT

വാരണാസി: ദലിത് കുടുംബങ്ങളെ നിര്‍ബന്ധിതമായി ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുതായി ആര്‍എസ്എസ് യുവജന സംഘടനയായ ബജ്‌റംഗ്ദള്‍ നല്‍കിയ പരാതിയില്‍ ആറ് സ്ത്രീകളെ യുപി പോലിസ് അറസ്റ്റ് ചെയ്തു. യുപിയിലെ അസംഗഡിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം അസംഗഡ് ജില്ലയിലെ മഹാരാജ്ഗഞ്ച് പ്രദേശത്ത് ജന്മദിന പാര്‍ട്ടിക്കിടെ മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്നാരോപിച്ചാണ് ആറ് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സ്ത്രീകളെ റിമാന്റ് ചെയ്തു.

ഇവരില്‍ നിന്ന് ക്രിസ്ത്യന്‍ മത ഗ്രന്ധങ്ങളും ലഘുലേഖകളും കണ്ടെടുത്തതായി പോലിസ് പറഞ്ഞു. യുപിയിലെ മതപരിവര്‍ത്തനം നിരോധന നിയമ പ്രകാരവും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

ഐപിസി സെക്ഷന്‍ 504 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശത്തോടെയുള്ള മനഃപൂര്‍വ്വം അപമാനിക്കല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), യുപി നിയമവിരുദ്ധമായ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സിന്റെ 3/5 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സ്ത്രീകള്‍ക്കെതിരെ കേസെടുത്തതെന്ന് അസംഗഡ് എഎസ്പി (റൂറല്‍) സിദ്ധാര്‍ത്ഥ് പറഞ്ഞു.

മഹാരാജ്ഗഞ്ച് ഏരിയയിലെ വിഷ്ണു നഗര്‍ വാര്‍ഡില്‍ ജന്മദിന പാര്‍ട്ടി സംഘടിപ്പിച്ച് ചിലര്‍ പ്രദേശവാസികളെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കാന്‍ ശ്രമിച്ചതായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്തന്‍ഗഞ്ച് ഏരിയയിലെ പിപ്രി ഗ്രാമത്തിലെ ഇന്ദ്രകല തന്റെ മകന്റെ ജന്മദിനം ആഘോഷിക്കാന്‍ പരിപാടി സംഘടിപ്പിച്ചിരുന്നു, അതില്‍ നാട്ടുകാരെയും ക്ഷണിച്ചിരുന്നു.

ബജ്‌റംഗ്ദള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ റെയ്ഡില്‍ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങളുടെ പകര്‍പ്പുകളും മറ്റ് രേഖകളും പോലിസ് കണ്ടെടുത്തു. ഇന്ദ്രകല, സുഭാഗി ദേവി, സാധന, സമത, അനിത, സുനിത എന്നിവരെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു.

Tags:    

Similar News