വീടുകളിലെ ഗോവധം പൊതു പ്രശ്‌നമല്ല: അലഹാബാദ് ഹൈക്കോടതി
ഒരാളുടെ താമസസ്ഥലത്ത് പശുവിനെ അറുക്കുന്നത് പൊതു പ്രശ്‌നമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി എന്‍എസ്എ റദ്ദാക്കിയത്.
ഹൈദരാബാദ്: ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയില്‍ പശുവിനെ കശാപ്പ് ചെയ്‌തെന്ന കേസില്‍ തുറങ്കിലടച്ച മൂന്ന് മുസ്‌ലിം യുവാക്കള്‍ക്കു മേല്‍ ചുമത്തിയ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) റദ്ദാക്കി അലഹബാദ് ഹൈക്കോടതി. ഒരാളുടെ താമസസ്ഥലത്ത് പശുവിനെ അറുക്കുന്നത് പൊതു പ്രശ്‌നമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി എന്‍എസ്എ റദ്ദാക്കിയത്.
2020 ജൂലൈയില്‍ ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയില്‍ ഗോവധം ആരോപിച്ച് അറസ്റ്റിലായ ഇര്‍ഫാന്‍, റഹ്മത്തുള്ള, പര്‍വേസ് എന്നിവരുടെ കുടുംബങ്ങള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി സുപ്രധാന നിരീക്ഷണം നടത്തിയതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപോര്‍ട്ട് ചെയ്യുന്നു.
വില്‍പ്പനയ്ക്കായി ബീഫ് മുറിക്കുന്നതിനിടെ സീതാപൂര്‍ പോലിസ് വീട് റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയത്.പര്‍വേസ്, ഇര്‍ഫാന്‍ എന്നിവരെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട റഹ്മത്തുള്ള, കരീം, റാഫി എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്യുകയും യുപി ഗോവധ നിരോധന നിയമവും ക്രിമിനല്‍ നിയമ ഭേദഗതി നിയമവും ചുമത്തുകയായിരുന്നു.
ദാരിദ്ര്യമോ പട്ടിണിയോ തൊഴിലില്ലായ്മയോ മൂലം സ്വന്തംവീടിനകത്ത് രഹസ്യമായി കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് ഒരു പക്ഷെ ഒരു ക്രമസമാധാന പ്രശ്‌നം എന്നുനിലയ്ക്കു മാത്രമേ കാണാനാവു. നിരവധി കന്നുകാലികളെ കശാപ്പ് ചെയ്ത് അവയുടെ മാംസം മറ്റിടങ്ങളേക്ക് എത്തിക്കുന്നതോ അല്ലെങ്കില്‍ പരാതിപ്പെടുന്ന പൊതുജനങ്ങള്‍ക്കെതിരെ കശാപ്പ് സംഘം ആക്രമണം അഴിച്ചുവിടുന്നതോ പോലെയുള്ള പൊതു പ്രശ്‌നമായി ഇതിനെകാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അറസ്റ്റിലായ പ്രതികളെ എന്‍എസ്എ പ്രകാരം തടങ്കലില്‍ വയ്ക്കാനുള്ള സീതാപൂര്‍ പോലിസ് സൂപ്രണ്ടിന്റേയും സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടേയും ആവശ്യം പരിഗണിച്ച് ജില്ലാ മജിസ്‌ട്രേറ്റ് അനുമതി നല്‍കുകയായിരുന്നു. പ്രതികളെ ജാമ്യത്തില്‍ വിട്ടയക്കുന്നത് പൊതു ക്രമസമാധാനം തകരാറിലാക്കുമെന്ന് പോലിസ് വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.