മൊഗാദിഷുവില്‍ ഹോട്ടലില്‍ ആക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു, നിരവധിപേരെ ബന്ദികളാക്കി
20 മണിക്കൂര്‍ നീണ്ട സൈനിക ഓപ്പറേഷനില്‍ ബന്ദികളെ മോചിപ്പിച്ചതായി ഉദ്യോഗസ്ഥരും പ്രാദേശിക മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തു.ഹോട്ടലില്‍ ഒളിച്ച സായുധ സംഘവുമായി സൈന്യം ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപോര്‍ട്ടുകള്‍.
മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ആഡംബര ഹോട്ടലില്‍ ഇരച്ചുകയറിയ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 20 മണിക്കൂര്‍ നീണ്ട സൈനിക ഓപ്പറേഷനില്‍ ബന്ദികളെ മോചിപ്പിച്ചതായി ഉദ്യോഗസ്ഥരും പ്രാദേശിക മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തു.ഹോട്ടലില്‍ ഒളിച്ച സായുധ സംഘവുമായി സൈന്യം ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപോര്‍ട്ടുകള്‍.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഹയാത്ത് ഹോട്ടലില്‍ വെള്ളിയാഴ്ച വൈകീട്ടാണ് തോക്കുധാരികള്‍ രണ്ട് കാര്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തി ഇരച്ചുകയറിയത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം സൊമാലിയന്‍ സര്‍ക്കാരിനെതിരേയും രാജ്യത്തെ വിദേശ ഇടപെടിലിനെതിരേയും പോരാടുന്ന അല്‍ ഷബാബ് പോരാളികള്‍ ഏറ്റെടുത്തു. മേയില്‍ പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മുഹമ്മദ് അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ വലിയ ആക്രമണമായിരുന്നു വെള്ളിയാഴ്ച്ച നടന്നത്. 10 വര്‍ഷത്തിലേറെയായി സോമാലിയന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ അല്‍ ഷബാബ് ശ്രമിക്കുകയാണ്. നിരവധി രാഷ്ട്രീയ നേതാക്കളെ ബന്ദികളാക്കിയെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അല്‍ശബാബ് അവകാശപ്പെട്ടിരുന്നു.
പുതിയ സര്‍ക്കാര്‍ അല്‍ശബാബിനെതിരായ സൈനിക നടപടി ശക്തമാക്കിയതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. അല്‍ശബാബ് പ്രവര്‍ത്തകര്‍ ഹോട്ടലിന്റെ രണ്ടാം നിലയില്‍ നിരവധി പേരെ ബന്ദികളാക്കിയെന്നും അവരെ മോചിപ്പിച്ചെന്നും ഇന്റലിജന്‍സ് ഓഫിസര്‍ മുഹമ്മദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഹോട്ടലിന്റെ വലിയ ഭാഗം പോരാട്ടത്തില്‍ തകര്‍ന്നിട്ടുണ്ട്.