ചിലരെന്നെ കൊടുംഭീകരനായി ചിത്രീകരിച്ചു, ചിലര്‍ക്കത് താങ്ങാന്‍ കഴിയില്ലെന്ന് മനാഫ്

Update: 2024-09-26 09:53 GMT

കോഴിക്കോട്: ചിലരെന്ന് കള്ളക്കടത്തുകാരനാക്കി, കുഴല്‍പണക്കാരനാക്കി, അല്‍ഖാഇദ ഭീകരനേക്കാള്‍ വലിയ ഭീകരനാക്കി-പറയുന്നത് മനാഫാണ്. ഷിരൂരില്‍ മണ്ണിടിച്ചസില്‍ കാണാതായ അര്‍ജുന്റെ ലോറി ഉടമ. 72 ദിവസവും ഗംഗാവലിപ്പുഴയുടെ തീരത്തു കാത്തിരുന്ന് അര്‍ജുന്റെ ലോറിയും അതിനുള്ളിലൊരു മൃതദേഹഭാഗങ്ങളും കണ്ടെത്തിയപ്പോള്‍ വാക്കുകള്‍ മുറിഞ്ഞുപോയ ലോറി ഉടമ മനാഫ് താന്‍ നേരിട്ട വിദ്വേഷപ്രചാരണങ്ങളോടും ഒടുവില്‍ പ്രതികരിച്ചു. 'അര്‍ജുനെ ഒളിപ്പിച്ചു, ലോറിയും മരവും ഒളിപ്പിച്ചു എന്നിങ്ങനെ ചിലര്‍ ആരോപണം ഉന്നയിച്ചു. അതില്‍ ഏറ്റവും സങ്കടകരം, തിരച്ചിലിന്റെ ആദ്യ നാളുകളില്‍ അതിന്റെ ദൃശ്യങ്ങളടക്കം കിട്ടാന്‍ വിളിച്ചവരാണ് എന്നതാണ്. അവര്‍ക്ക് അവിടെ വന്ന് ദൃശ്യങ്ങള്‍ എടുക്കാന്‍ സാമ്പത്തിക ശേഷിയില്ല, ദൃശ്യങ്ങളും വിവരങ്ങളും തന്ന് സഹായിക്കണം എന്ന് പറഞ്ഞാണ് എന്നെ വിളിച്ചത്. എന്നെ ആശ്വസിപ്പിക്കാനെന്ന വണ്ണം ഫോണ്‍ വിളിച്ച് അതെല്ലാം വളച്ചൊടിച്ച് ഓണ്‍ലൈനില്‍ വാര്‍ത്തയായി നല്‍കി. അതേക്കുറിച്ച് പലരും ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഞാനറിയുന്നത്. അതൊന്നും നോക്കാന്‍ എനിക്ക് സമയം ഉണ്ടായിരുന്നില്ല. തിരച്ചില്‍ നിലയ്ക്കാതിരിക്കാന്‍ ഓടി നടക്കുകയായിരുന്നു. പിന്നീടവര്‍ എന്നെ അല്‍ഖാഇദയേക്കാള്‍ വലിയ ഭീകരനാക്കി. എന്റെ വീട്ടുകാര്‍ എങ്ങനെ ഇത് കാണുമെന്നൊന്നും അവര്‍ ചിന്തിച്ചില്ല. ഡ്രഡ്ജര്‍ മടങ്ങുംമുമ്പ് അര്‍ജുനെ കിട്ടിയിരുന്നില്ലെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ. എനിക്കിത് താങ്ങാന്‍ കഴിയും. പക്ഷേ, ചിലര്‍ക്കത് അത് താങ്ങാന്‍ കഴിയില്ല. ഞാന്‍ തീയില്‍ കുരുത്തതിനാല്‍ ഇത്തരം വെയിലിലൊന്നും വാടില്ല. എന്നാല്‍, എനിക്ക് പകരം മറ്റൊരാളെ കുറിച്ചാണ് ഇത്തരം വ്യാജ വാര്‍ത്തകളെങ്കില്‍ അര്‍ജുന്‍ പോയതിന് പിന്നാലെ അയാളും അയാളുടെ കുടുംബവും ഈ ലോകത്ത് നിന്ന് പോയേനേയെന്നും മനാഫ് പറഞ്ഞു.

    സഹായം തേടി സമീപിച്ച ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് തന്നെ അല്‍ഖാഇദ ഭീകരനേക്കാള്‍ വലിയ ഭീകരനാക്കി ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്റെ വണ്ടി കിട്ടാനാണ് ഞാന്‍ പിന്നാലെ നടക്കുന്നത് എന്നായിരുന്നു ചിലരുടെ ആരോപണം. എന്നാല്‍, വണ്ടി കിട്ടാനോ ഇന്‍ഷുറന്‍സ് കിട്ടാനോ എനിക്ക് ഇതിന്റെ ആവശ്യമില്ല. എഫ്‌ഐആര്‍ ക്ലോസ് ചെയ്താല്‍ ഇന്‍ഷുറന്‍സ് ശരിയാക്കി നല്‍കാമെന്ന് എന്നോട് കലക്ടര്‍ അടക്കമുള്ളവര്‍ പറഞ്ഞതാണ്. അര്‍ജുന്റെ മരണ സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കുമോ എന്ന് ഞാന്‍ ചോദിച്ചു. കാരണം, അര്‍ജുന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ അത് ആവശ്യമാണ്. ഞാന്‍ എഫ്‌ഐആര്‍ ക്ലോസ് ചെയ്താല്‍ പിന്നെ തിരച്ചില്‍ നില്‍ക്കും. അങ്ങനെ സംഭവിച്ചാല്‍ അര്‍ജുനെ കുറിച്ച് ഒരുവിവരവും കിട്ടില്ല. മിസ്സിങ് കേസ് മാത്രമായി മാറും. ഡെത്ത് സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ ഏഴ് വര്‍ഷം കഴിയും. കുടുംബത്തിന് സഹായം കിട്ടുന്നതും അതിനേക്കാള്‍ വൈകും. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ ചോദിച്ചത്. അര്‍ജുനെ തിരിച്ചെത്തിക്കുമെന്ന് ഞാന്‍ കുടുംബത്തിന് കൊടുത്ത വാക്കാണ്. അതിനാല്‍ തിരച്ചില്‍ തുടരേണ്ടത് അനിവാര്യമായിരുന്നുവെന്നും മനാഫ് പറഞ്ഞു.

    ലോറി ഉടമ മനാഫിനെതിരേ സംഘപരിവാര പ്രചാരകരില്‍ ചിലരാണ് കടുത്ത വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിരുന്നത്. ബൈജു വി കെ എന്നയാളുടെ ചാണക്യ ന്യൂസ് ടിവി എന്ന യൂട്യൂബ് ചാനല്‍ മനാഫിനെ സംശയമുനയില്‍ നിര്‍ത്തി എട്ട് വിഡിയോകള്‍ നല്‍കിയിരുന്നു. മനാഫ് കള്ളക്കടത്തുകാരനാണെന്നും അര്‍ജുനെയും ലോറിയെയും ഒളിപ്പിച്ചതാണെന്നും വരെ യൂ ട്യൂബ് ചാനലില്‍ ആരോപിച്ചിരുന്നു. ലോറിയും മൃതദേഹഭാഗങ്ങളും കണ്ടെത്തിയപ്പോള്‍ നല്‍കിയ വീഡിയോയിലും കടുത്ത വര്‍ഗീയ ആരോപണങ്ങളാണ് പ്രചരിപ്പിച്ചത്. മാത്രമല്ല, പഴയ വിഡിയോകള്‍ ഡിലീറ്റ് ചെയ്യുകയുമായിരുന്നു.

Tags:    

Similar News