ഉത്തരകൊറിയയുടെ ഭീഷണി: ദക്ഷിണകൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു
1980ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് സൈനിക നിയമം നടപ്പാക്കുന്നത്.
സിയോള്‍: ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് കടുത്ത ഭീഷണിയുണ്ടെന്ന് ആരോപിച്ച് ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം നടപ്പാക്കാന്‍ തീരുമാനിച്ചു. പ്രസിഡന്റ് യൂന്‍ സകിയോള്‍ ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രാജ്യത്തെ നാണംകെട്ട ഉത്തരകൊറിയന്‍ അനുകൂലികളെ തുടച്ചുനീക്കുമെന്ന് ദേശീയ ചാനലില്‍ നടത്തിയ പ്രഖ്യാപനത്തില്‍ യൂന്‍ സകിയോള്‍ പറഞ്ഞു. 1980ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് സൈനിക നിയമം നടപ്പാക്കുന്നത്.
പാര്‍ലമെന്റിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നും മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. ആണവായുധ ശേഷിയുള്ള ഉത്തരകൊറിയക്ക് പുറമെ രാജ്യത്തിന് അകത്തെ അവരുടെ അനുകൂലികളും ഭീഷണിയാണെന്ന് പ്രസിഡന്റ് പറഞ്ഞു. രാജ്യത്തെ ദേശീയ അസംബ്ലി ലഹരിമാഫിയയുടെ കേന്ദ്രമായെന്നും പ്രസിഡന്റ് ആരോപിച്ചിട്ടുണ്ട്. ടാങ്കുകളും സൈനികവാഹനങ്ങളും സൈനികരുമാണ് ഇനി രാജ്യം ഭരിക്കുകയെനന് പ്രതിപക്ഷ നേതാവ് ലീ ജീ മ്യുങ് ആരോപിച്ചു. പ്രഖ്യാപനത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയയിലെ വിവിധ നഗരങ്ങളില്‍ പോലിസിനെയും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
വിഷയത്തില്‍ യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏകദേശം 28,000 യുഎസ് സൈനികരാണ് ദക്ഷിണകൊറിയയില്‍ കാംപ് ചെയ്യുന്നത്. ഉത്തരകൊറിയ ആക്രമിക്കുകയാണെങ്കില്‍ സഹായിക്കാനാണ് ഇത്.