യാത്രയ്ക്കിടെ ബാഗുകള്‍ നഷ്ടമായി; പ്രവാസി കുടുംബത്തിന് ദക്ഷിണ റെയില്‍വേ നാലുലക്ഷം നല്‍കണമെന്ന്

ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറമാണ് 2015 ല്‍ നടന്ന സംഭവത്തില്‍ വിധി പുറപ്പെടുവിച്ചത്. 2015 ജനുവരി 20ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട തമിഴ്‌നാട് എക്‌സ്പ്രസിലെ സെക്കന്റ് എസി കംപാര്‍ട്ട്‌മെന്റില്‍വച്ചാണ് കുടുംബത്തിന്റെ ബാഗുകള്‍ മോഷണം പോയത്.

Update: 2019-07-28 10:39 GMT

ചെന്നൈ: ട്രെയിന്‍ യാത്രയ്ക്കിടെ വിലപിടിപ്പുള്ള വസ്തുക്കളടങ്ങിയ ബാഗുകള്‍ നഷ്ടമായ പ്രവാസി കുടുംബത്തിന് നഷ്ടപരിഹാരമായി ദക്ഷിണ റെയില്‍വേ നാലുലക്ഷം രൂപ നല്‍കണമെന്ന് ഉത്തരവ്. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറമാണ് 2015 ല്‍ നടന്ന സംഭവത്തില്‍ വിധി പുറപ്പെടുവിച്ചത്. 2015 ജനുവരി 20ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട തമിഴ്‌നാട് എക്‌സ്പ്രസിലെ സെക്കന്റ് എസി കംപാര്‍ട്ട്‌മെന്റില്‍വച്ചാണ് കുടുംബത്തിന്റെ ബാഗുകള്‍ മോഷണം പോയത്. ബാഗില്‍ സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും വിലപിടിപ്പുള്ള റോളക്‌സ് വാച്ചും വസ്ത്രങ്ങളും ഉള്‍പ്പടെ 10 ലക്ഷത്തിന്റെ വസ്തുക്കളുണ്ടായിരുന്നുവെന്നായിരുന്നു ദമ്പതികളായ കമല്‍കുമാര്‍ മഹേശ്വരിയും മീനാക്ഷി മഹേശ്വരിയും പരാതിയില്‍ പറഞ്ഞിരുന്നത്.

ബര്‍ത്തിന് താഴെ ബാഗുകള്‍ വച്ചശേഷമാണ് യാത്ര ആരംഭിച്ചത്. ജനുവരി 22ന് രാവിലെ ആഗ്ര സ്‌റ്റേഷനിലെത്തിയപ്പോഴാണ് ബാഗുകള്‍ മോഷ്ടിക്കപ്പെട്ട വിവരമറിയുന്നത്. തുടര്‍ന്ന് ടിടിഇയ്ക്കും പോലിസിലും പരാതി നല്‍കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ പെട്ടികള്‍ മോഷണം പോവുമ്പോള്‍ കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്നില്ല. ഒരാള്‍ ഈ പെട്ടികളുമായി കംപാര്‍ട്ട്‌മെന്റില്‍നിന്ന് പുറത്തേക്കുപോവുന്നത് കണ്ടതായി ടിടിഇ മൊഴി നല്‍കിയിരുന്നു. അംഗീകൃത യാത്രാ ടിക്കറ്റില്ലാത്തവര്‍ക്ക് സെക്കന്റ് ക്ലാസ് എസി കംപാര്‍ട്ട്‌മെന്റിലേക്ക് പ്രവേശിക്കാന്‍ സാധിച്ചത് റെയില്‍വേയുടെ വീഴ്ചയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഉപഭോക്തൃതര്‍ക്ക പരിഹാരത്തിന്റെ ഉത്തരവ്. 4,800 രൂപ നല്‍കിയാണ് കുടുംബം യാത്രാ ടിക്കറ്റ് ബുക്ക് ചെയ്തത്. റെയില്‍വേ ജീവനക്കാരുടെ വീഴ്ചമൂലം ബാഗുകള്‍ നഷ്ടപ്പെടാനിടയായത് കടുത്ത മനോവേദനയ്ക്ക് കാരണമായെന്നും കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു.

അതേസമയം, ബാഗുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ തങ്ങള്‍ ഉത്തരവാദിയല്ലെന്നായിരുന്നു റെയില്‍വേയുടെ വാദം. യാത്രക്കാരുടെ സുരക്ഷിതത്വവും ബാഗുകളുടെ ഉത്തരവാദിത്തവും റെയില്‍വേ പോലിസിന്റെ ചുമതലയാണ്. അതുകൊണ്ട് റെയില്‍വേയുടെ വീഴ്ചയായി ഇത് കണക്കാക്കാനാവില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പരാതിക്കാരുടെയും റെയില്‍വേയുടെയും വാദങ്ങള്‍ വിശദമായി പരിശോധിച്ച ഉപഭോക്തൃഫോറം പ്രസിഡന്റ് കെ ലക്ഷ്മികാന്തം, അംഗം പി വി ജയന്തി എന്നിവര്‍ റെയില്‍വേയുടെ വീഴ്ചയാണുണ്ടായിരിക്കുന്നതെന്ന് കണ്ടെത്തി നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു. ബാഗുകള്‍ നഷ്ടമായതിന് മൂന്നുലക്ഷവും മനോവിഷമമുണ്ടായതിന് ഒരുലക്ഷവും ഉള്‍പ്പടെ നാലുലക്ഷം നല്‍കണമെന്നാണ് നിര്‍ദേശം. 

Tags:    

Similar News