സംഭല്‍: അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ ബര്‍ഖ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. സംഭല്‍ ശാഹീ ജാമിഅ് മസ്ജിദില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെയും പോലിസുകാരെയും ആക്രമിക്കാന്‍ പ്രേരണ നല്‍കിയെന്ന കേസിനെ തുടര്‍ന്നാണ് നടപടി. തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഹരജിയിലില്‍ എംപി ചൂണ്ടിക്കാട്ടി. സംഘര്‍ഷമുണ്ടായ സമയത്ത് മുസ് ലിം വ്യക്തി നിയമബോര്‍ഡിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ പോയിരിക്കുകയായിരുന്നു. സംഭലിലേക്ക് മടങ്ങിവന്ന് കാര്യങ്ങളില്‍ ഇടപെടണമെന്ന് കരുതിയിരുന്നെങ്കിലും കേസിന്റെ കാര്യം അറിഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ തന്നെ തങ്ങി. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഡല്‍ഹിയില്‍ തങ്ങിയതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
സംഘര്‍ഷമുണ്ടാവുന്നതിന് ഏതാനും ദിവസം മുമ്പ് സിയാവുര്‍ റഹ്മാന്‍ ബര്‍ഖ് പള്ളി സന്ദര്‍ശിച്ചെന്നും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് പോലിസ് ആരോപിക്കുന്നത്. മസ്ജിദ് ഉള്‍പ്പെടുന്ന പ്രദേശത്തെ എംഎല്‍എയായ ഇഖ്ബാല്‍ മഹ്മൂദിന്റെ മകന്‍ സുഹൈല്‍ ഇഖ്ബാലിനെയും പോലിസ് കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.
പ്രദേശത്ത് അനധികൃത നിര്‍മാണം നടത്തിയെന്ന് ആരോപിച്ച് എംപിക്ക് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ നോട്ടീസ് നല്‍കിയിട്ടുണ്ട്. പതിനഞ്ച് ദിവസത്തിന് അകം മറുപടി നല്‍കിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്നും പെന്‍സിയ പറഞ്ഞു.
അതേസമയം, സംഭലില്‍ മറ്റൊരു ക്ഷേത്രം കൂടി കണ്ടെത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ശാഹീ ജാമിഅ് മസ്ജിദിന് രണ്ടു കിലോമീറ്റര്‍ അടുത്താണ് ഈ ക്ഷേത്രം. 32 വര്‍ഷം മുമ്പ് ഹിന്ദുക്കള്‍ ഉപേക്ഷിച്ച ക്ഷേത്രമാണ് ജില്ലാഭരണകൂടം തുറന്നുനല്‍കിയത്.