രൂപ് കന്‍വാര്‍ 'സതി' കേസ് : എട്ടു പേരെ 37 വര്‍ഷത്തിന് ശേഷം വെറുതെവിട്ടു

രൂപ് കന്‍വാര്‍ സതി അനുഷ്ഠിച്ചു എന്നു തെളിയിക്കാന്‍ പോലും പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി

Update: 2024-10-10 14:06 GMT

ജയ്പ്പൂര്‍: കുപ്രസിദ്ധമായ രൂപ് കന്‍വാര്‍ 'സതി' ആഘോഷ കേസിലെ അവസാന എട്ടു പ്രതികളെയും വെറുതെവിട്ടു. പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക സതി നിരോധന കോടതി അക്ഷി കന്‍സാലിന്റെ ഉത്തരവ്. രൂപ് കന്‍വാറിന്റെ ഗ്രാമത്തിലെ മഹേന്ദ്ര സിങ്, ശ്രാവണ്‍ സിങ്, നിഹാല്‍ സിങ്, ജിതേന്ദ്ര സിങ്, ഉദയ് സിങ്, ദശരഥ സിങ്, ലക്ഷ്മണ്‍ സിങ്, ഭന്‍വാര്‍ സിങ് എന്നിവരെയാണ് വെറുതെ വിട്ടിരിക്കുന്നത്.

1987ല്‍ രാജസ്ഥാനിലെ ദിയോരാല ഗ്രാമത്തില്‍ നടന്ന സതി ആചാരത്തെ തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത കേസില്‍ 45 പേരെയാണ് പൊലിസ് പ്രതിയാക്കിയിരുന്നത്. ഇതില്‍ 25 പേരെ 2004ല്‍ വെറുതെവിട്ടു. നാലു പേര്‍ ഇപ്പോഴും ഒളിവിലാണ്. എട്ടു പേര്‍ വിചാരണക്കിടെ മരിച്ചു.

രൂപ് കന്‍വാര്‍ സതി സംഭവം

ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയും ചിതയില്‍ മരിക്കണമെന്ന ഹിന്ദു ആചാരമാണ് സതി എന്ന പേരില്‍ അറിയപ്പെടുന്നത്. അങ്ങനെ മരണം വരിച്ചാല്‍ അടുത്ത ജന്മത്തില്‍ ഭര്‍ത്താവുമൊത്ത് ചേരാന്‍ സ്ത്രീക്ക് അവസരം ലഭിക്കുമെന്നാണ് വിശ്വാസം. ഭാര്യമാര്‍ സ്വമേധയാ സതി അനുഷ്ഠിക്കണമെന്നാണ് വ്യവസ്ഥ. ബ്രിട്ടീഷ് ഭരണകാലത്ത് 1829ല്‍ ഈ ആചാരം നിരോധിക്കപ്പെട്ടു. എന്നാല്‍, 1987 ജനുവരിയില്‍ സതി വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നു.

1987 ജനുവരിയിലാണ് ദിയോരാല ഗ്രാമത്തിലെ പതിനെട്ടുകാരിയായ രൂപ് കന്‍വാര്‍ മാല്‍ സിങ് എന്നയാളെ വിവാഹം കഴിച്ചത്. ആരോഗ്യകരമായ കാരണങ്ങളാല്‍ സെപ്റ്റംബറില്‍ മാല്‍ സിങ് അന്തരിച്ചു. ഇതോടെ ദിവ്രാല ഗ്രാമവാസികളും സമീപ ഗ്രാമവാസികളും ശോഭായാത്രയായി രൂപ് കന്‍വാറിനെ ചിതയിലേക്ക് കൊണ്ടുപോയി. ഇവര്‍ ചിതയില്‍ ഇരുന്നാണ് മരിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഇവര്‍ സതി അനുഷ്ടിച്ചതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. എന്നാല്‍, നിര്‍ബന്ധം മൂലം ചെയ്യേണ്ടി വന്നുവെന്നു പുരോഗമനകാരികളും വാദിച്ചു.

രൂപ് കന്‍വാറിന്റെ സതി അനുഷ്ടാനത്തിന്റെ വാര്‍ഷികം ഗ്രാമവാസികള്‍ ആഘോഷിച്ചു എന്ന കേസിലാണ് ഇപ്പോള്‍ വിചാരണ നടന്നത്. സംഭവത്തിന്റെ ഒന്നാം വാര്‍ഷികം 45 പേര്‍ ആഘോഷിച്ചുവെന്നാണ് കേസ്. രൂപ് കന്‍വാറിന്റെ മരണശേഷം കേന്ദസര്‍ക്കാര്‍ കൊണ്ടുവന്ന സതി നിരോധന നിയമം ഇത്തരം ആഘോഷങ്ങള്‍ വിലക്കുന്നു. ആഘോഷം നടത്തുന്നവരെ ഏഴു വര്‍ഷം വരെ തടവ് ശിക്ഷക്കും 30000 രൂപ പിഴക്കും ശിക്ഷിക്കാമെന്നാണ് നിയമം പറയുന്നത്.

എന്നാല്‍, രൂപ് കന്‍വാര്‍ സതി അനുഷ്ഠിച്ചു എന്നു പോലും പ്രോസിക്യൂഷന് തെളിയിക്കാന്‍ ആയില്ലെന്ന് പ്രതിഭാഗം അറിയിച്ചു. അതിനാല്‍ തന്നെ ആഘോഷം നടത്തിയെന്നും തെളിയിക്കാന്‍ കഴിഞ്ഞില്ല. അതേസമയം, രൂപ് കന്‍വാര്‍ സ്വമേധയാ സതി അനുഷ്ഠിച്ചുവെന്നാണ് അവരുടെ സഹോദരന്‍ ഗോപാല്‍ സിങ് റാത്തോഡ് ഇപ്പോഴും പറയുന്നത്.

രാഷ്ട്രീയ പ്രതിസന്ധി

രൂപ് കന്‍വാര്‍ സംഭവം വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് രാജസ്ഥാനില്‍ സൃഷ്ടിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഹരി ദേവ് ജോഷി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ഇത് കാരണമായി. അതേസമയം, ദിയോരാല ഗ്രാമം രജപുത്രരുടെ അന്തസിന്റെ കേന്ദ്രമായും മാറി.

അപ്പീലിന് പിയുസിഎല്‍

പ്രതികളെ വെറുതെവിട്ടതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് പൗരാവകാശ സംഘടനയായ പിയുസിഎല്‍ അറിയിച്ചു.

Tags:    

Similar News