കാളി പ്രതിഷ്ഠയില്‍ മോദി സമര്‍പ്പിച്ച കിരീടം മോഷണം പോയി
ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ 2021ലാണ് മോദി കിരീടം സമ്മാനിച്ചത്
ധാക്ക: ബംഗ്ലാദേശിലെ ജശോരേശ്വരി കാളിക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ കിരീടം മോഷണം പോയി. വ്യാഴാഴ്ച്ചയിലെ പകല്പൂജക്ക് ശേഷം പൂജാരിമാര്‍ സ്ഥലം വിട്ട ശേഷമാണ് മോഷണം നടന്നതെന്ന് പോലിസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണെന്ന് പോലിസ് ഇന്‍സ്പെക്ടര്‍ തൈസുല്‍ ഇസ്ലാം അറിയിച്ചു.
ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ 2021 മാര്‍ച്ച് 27നാണ് മോദി ക്ഷേത്രത്തില്‍ എത്തിയത്. തുടര്‍ന്ന് സ്വര്‍ണവും വെള്ളിയും പൂശിയ കിരീടം പ്രതിഷ്ഠക്ക് സമര്‍പ്പിക്കുകയായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളിലായുള്ള 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രമെന്നാണ് ഹിന്ദു വിശ്വാസം.