ഇരകളുടെ പേരില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് തണലൊരുക്കുന്നു: കെ കെ രമ എംഎല്‍എ

സര്‍ക്കാരിന്റേത് ക്രിമിനല്‍ കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Update: 2024-10-11 07:16 GMT

തിരുവനന്തപുരം: സിനിമാ മേഖലയിലെ പീഡന ഇരകളുടെ പേരില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് തണലൊരുക്കുകയാണെന്ന് കെ കെ രമ എംഎല്‍എ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ആരോപണം ഉന്നയിച്ചത്. ഹേമാ കമ്മിറ്റി റിപോര്‍ട്ട് പൂഴ്ത്തിവെക്കാന്‍ സിനിമാ മേഖലയിലെ മാഫിയ സര്‍ക്കാരിനെ സമീപിച്ചിരുന്നതായി സംശയമുണ്ടെന്നും അവര്‍ ആരോപിച്ചു.

ഹേമ കമ്മിറ്റി റിപോര്‍ട്ട് ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ അടിയന്തര പ്രമേയം പറ്റില്ലെന്നാണ് സ്പീക്കറുടെ നിലപാട്. കമ്മിറ്റി റിപോര്‍ട്ടിലെ നിയമനടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാനല്ല ഞങ്ങള്‍ പ്രമേയം കൊണ്ടുവന്നത്. റിപോര്‍ട്ടില്‍ സര്‍ക്കാര്‍ ഇതുവരെ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നു പരിശോധിക്കാനായിരുന്നു തീരുമാനം. പക്ഷെ, സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇത് സ്ത്രീകളോടുള്ള തികഞ്ഞ വഞ്ചനയാണ്.

ഹേമ കമ്മിറ്റി റിപോര്‍ട്ട് തന്നെ സ്ത്രീകളുടെ കണ്ണില്‍ പൊടിയിടാനുള്ള സര്‍ക്കാരിന്റെ തന്ത്രമായിരുന്നു എന്നു പറയാം. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം രൂപീകരിക്കാത്തതിനാല്‍ കമ്മിറ്റിക്ക് സ്വമേധയാ നടപടികളൊന്നും സ്വീകരിക്കാന്‍ കഴിഞ്ഞില്ല. അതൊരു പഠന റിപോര്‍ട്ട് മാത്രമാണ്. എന്നിട്ടും സര്‍ക്കാര്‍ അത് പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ല.

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ സ്ത്രീകളുടെ പരാതികളില്‍ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിച്ചു. റിപോര്‍ട്ട് പുറത്തുവന്ന ശേഷം പീഡനങ്ങളെ കുറിച്ച് തുറന്നുപറയാന്‍ നിരവധി സ്ത്രീകള്‍ക്ക് ധൈര്യം വന്നു. എന്നാല്‍, വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ട പേജുകള്‍ പോലും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇത് ആരെ സംരക്ഷിക്കാനാണ് എന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.

ഇരകളുടെ പേര് പുറത്തുവിടാന്‍ മാത്രമാണ് നിയമതടസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കേസന്വേഷണത്തിന് ഹേമ കമ്മിറ്റി റിപോര്‍ട്ട് തടസമല്ല. ഇരകളായ സ്ത്രീകള്‍ മൊഴി നല്‍കാന്‍ വേണ്ടി രൂപീകരിച്ച പോലിസ് സംഘത്തില്‍ രണ്ടു പുരുഷ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. ഇതെന്ത് സന്ദേശമാണ് ഇരകള്‍ക്ക് നല്‍കുക. തെളിവ് നല്‍കുന്ന ഇരകള്‍ക്ക് യാതൊരു സംരക്ഷണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നില്ല. ക്രിമിനല്‍ കുറ്റമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

Tags:    

Similar News