സിനിമാ മേഖലയിലെ പീഡനം: 18 കേസുകളിലെ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് പോലിസ്
ഹേമാ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ 40 സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്.
ന്യൂഡല്‍ഹി: ജസ്റ്റിസ് ഹേമാകമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളിലെ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. മറ്റ് എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹേമാ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ 40 സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. സംസ്ഥാന പോലീസ് മേധാവി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ 26 കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹേമാ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താല്‍പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാന്‍ ആകില്ലെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പറയുന്നു. കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആകില്ലെന്നായിരുന്നു സജിമോന്റെ വാദം.
എന്നാല്‍, ശിക്ഷാര്‍ഹമായ കുറ്റകൃത്യം നടന്നുവെന്ന് ബോധ്യമായാല്‍ ആ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹേമാ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ കമ്മിറ്റിക്ക് മൊഴി നല്‍കിയ യുവതിയും സുപ്രീംകോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്നാണ് യുവതിയുടെ ആവശ്യം. യുവതിയുടെ ഹരജി സജിമോന്‍ പാറയലിന്റെ ഹര്‍ജിക്ക് ഒപ്പം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.