ഹേമകമ്മിറ്റി റിപോര്‍ട്ടിലെ മൊഴികളില്‍ പരാതിയില്ലാതെ കേസെടുക്കാനാവുമോ ? സുപ്രിംകോടതി വിധി 27ന്

ന്യൂഡല്‍ഹി: സിനിമാമേഖലയിലെ ലൈംഗികപീഡനം സംബന്ധിച്ച് ജസ്റ്റിസ് ഹേമാകമ്മിറ്റിക്ക് ലഭിച്ച എല്ലാ മൊഴികളിലും പരാതിയില്ലാതെ തന്നെ കേസെടുക്കാനാവുമോയെന്ന കാര്യത്തില്‍ ഈ മാസം 27ന് സുപ്രിംകോടതി വിധി പറയും. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുക. പരാതി ഇല്ലാത്തവരുടെ മൊഴികളില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് എടുക്കാന്‍ കഴിയുമോ എന്നതില്‍ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചു. ഹേമ കമ്മിറ്റി റിപോര്‍ട്ട് ലഭിച്ച ശേഷം അഞ്ച് വര്‍ഷത്തോളം സംസ്ഥാന സര്‍ക്കാര്‍ എന്ത് കൊണ്ട് നടപടി എടുത്തില്ലെന്നും കോടതി ചോദിച്ചു.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍, മാല പാര്‍വതി, ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് തുടങ്ങിയവരാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ലൈംഗികപീഡനം സംബന്ധിച്ച് പരാതി നല്‍കാത്തവരുടെ മൊഴികളില്‍ പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്യുന്നത് വിചിത്രമാണെന്ന് വാദം കേള്‍ക്കലിനിടെ കോടതി പറഞ്ഞു. പരാതി ഇല്ലാത്തവരെ പോലിസിന് പിന്നാലെ നടന്ന് പീഡിപ്പിക്കാന്‍ കഴിയില്ല. ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും തങ്ങള്‍ പീഡന പരാതി നല്‍കിയിട്ടില്ലെന്നും എന്നാല്‍ പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്ത് ബുദ്ധിമുട്ടിക്കുകയാണെന്നും മാല പാര്‍വതി ഉള്‍പ്പെടെയുള്ളവരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.
ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം റദ്ദാക്കുന്നതിനെ സംസ്ഥാന സര്‍ക്കാരും വനിതാ കമ്മിഷനും എതിര്‍ത്തു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണമെന്നും സിനിമരംഗത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും സര്‍ക്കാര്‍ വാദിച്ചു. സജിമോന്‍ പാറയിലന്റെ ഹര്‍ജി തള്ളണമെന്ന് വനിത കമ്മിഷന്‍ ആവശ്യപ്പെട്ടു. സജിമോന് പിന്നില്‍ സിനിമരംഗത്തെ വലിയ വ്യക്തികളാണെന്ന വാദം ഡബ്ല്യുസിസി ആവര്‍ത്തിച്ചു.