ഹേമ കമ്മിറ്റി റിപോര്‍ട്ട്: പരാതിയില്‍ താല്‍പ്പര്യമില്ലാത്തവരുടെ കേസുകള്‍ അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍
ഇത്തരം കേസുകളില്‍ വിചാരണ കോടതിയില്‍ നടപടികള്‍ അവസാനിപ്പിച്ച് കൊണ്ടുള്ള റിപോര്‍ട്ട് കൈമാറാമെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ ഉള്ള പരാതികളില്‍, താല്‍പര്യമില്ലാത്തവരുടെ കേസുകള്‍ അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍. ഇത്തരം കേസുകളില്‍ വിചാരണ കോടതിയില്‍ നടപടികള്‍ അവസാനിപ്പിച്ച് കൊണ്ടുള്ള റിപോര്‍ട്ട് കൈമാറാമെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് നടത്താന്‍ ഇരകള്‍ക്ക് താല്‍പ്പര്യമില്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാനാകില്ലെന്നായിരുന്നു സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍, പരാതിയുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലാത്തവരുടെ കേസുകള്‍ അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. സര്‍ക്കാറിനു വേണ്ടി സീനിയര്‍ അഭിഭാഷാകന്‍ രഞ്ജിത്ത് കുമാര്‍ കോടതിയില്‍ ഹാജരായി.
കേസുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്നു ചൂണ്ടിക്കാട്ടി മാല പാര്‍വതിയടക്കമുള്ള സിനിമാതാരങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് താല്‍പര്യമില്ലാത്തവരുടെ മൊഴി എടുക്കാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. കേസിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ വാദം കേട്ടതിന് ശേഷം തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് വിക്രം നാഥ് അറിയിച്ചു.ഹേമ കമ്മിറ്റി മൊഴികളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണത്തിനെതിരായ ഹരജികളില്‍ വിശദമായ വാദം സുപ്രീംകോടതി ഡിസംബര്‍ 19ന് കേള്‍ക്കും. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും അന്ന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് മാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.