ലഹരി ഉപയോഗിച്ച് നടന്‍ മോശമായി പെരുമാറിയ സംഭവം; രഹസ്യമായി നല്‍കിയ പരാതിയാണ് പുറത്തു വിട്ടതെന്ന് നടി; തല്‍ക്കാലം നടനെതിരേ കേസെടുക്കില്ലെന്ന് പോലിസ്

കൊച്ചി: ലഹരി ഉപയോഗിച്ച് നടന്‍ മോശമായി പെരുമാറിയ കേസില്‍, രഹസ്യമായി പറഞ്ഞ കുറേ കാര്യങ്ങളാണ് ഇന്ന് പുറത്തു വന്നതെന്ന് നടി വിന്‍സി അലോഷ്യസ്.
നടന്റെ പേരോ സിനിമയുടെ പേരോ താന്‍ പറഞ്ഞിട്ടില്ലെന്നും ഇങ്ങനെ ഒരനുഭവം ഉണ്ടായപ്പോള്‍ പരാതി നല്‍കേണ്ട സ്ഥലത്താണ് താന്‍ പരാതി പറഞ്ഞതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പരാതിയുടെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കണമെന്നു പറഞ്ഞിട്ടും അതൊന്നും ഉണ്ടായില്ലെന്നും എല്ലാം പുറത്തു വിടുന്ന സംഭവമാണ് നടന്നതെന്നും വിന്‍സി പറഞ്ഞു. സംഭവത്തില്‍ സംവിധായകന്‍ നടന് താക്കീത് നല്‍കിയിരുന്നുവെന്നും വിന്‍സി പ്രതികരിച്ചു.
ഇപ്പോളും താന്‍ നടന്റെ പേരോ സിനിമയുടെ പോരോ പറയുന്നില്ലെന്നു പ്രതികരിച്ച അവര്‍ താന്‍ ഇതു കൊണ്ട് ആരുടെ വര്‍ക്കിനും ദോഷമുണ്ടാകരുതെന്നാണ് ചിന്തിച്ചതെന്നും എന്നാല്‍ സംഭവിച്ചത് വളരെ വിഷമം ഉണ്ടാക്കുന്ന ഒന്നാണെന്നും കൂട്ടിചേര്‍ത്തു.
അതേസമയം, സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരേ തല്‍ക്കാലം കോസെടുക്കില്ലെന്ന് പോലിസ് പറഞ്ഞു. തെളിവുകള്‍ കിട്ടിയാല്‍ കേസെടുക്കും എന്നും നടനെ കിട്ടിയാല്‍ എന്തിന് ഓടിപോയി എന്ന കേസില്‍ വിശദീകരണം തേടുമെന്നും പോലിസ് അറിയിച്ചു.