ഉമര്‍ ഫൈസിക്കെതിരായ പ്രസംഗം: കെ എസ് ഹരിഹരനെതിരേ എസ് കെഎസ്എസ്എഫ്

Update: 2024-05-14 16:31 GMT

കോഴിക്കോട്: കോഴിക്കോട് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുടെ വേദിയില്‍ സമസ്ത സെക്രട്ടറി മുക്കം ഉമര്‍ ഫൈസി നമസ്‌കരിച്ചതിനെതിരേ നടത്തിയ പരാമര്‍ശത്തില്‍ ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെതിരേ എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ്. മത പണ്ഡിതരെയും വിശ്വാസാചാരങ്ങളെയും അവഹേളിക്കുന്ന ആര്‍എംപി നേതാവിന്റെ പ്രസ്താവന തിരുത്താനും അപലപിക്കാനും ഉത്തരവാദപ്പെട്ട നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. മുക്കം ഉമര്‍ ഫൈസി നമസ്‌കരിച്ചതിനെ അധിക്ഷേപിക്കുകയും തരംതാണ പ്രയോഗങ്ങള്‍ കൊണ്ട് പരിഹസിക്കുകയും ചെയ്ത ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ പ്രസ്താവന തികച്ചും അപലപനീയമാണെന്ന് യോഗം പ്രസ്താവിച്ചു. നമസ്‌കാരം സമയനിഷ്ഠ പാലിച്ചുകൊണ്ട് നിര്‍വഹിക്കേണ്ട ആരാധനയാണ്. മതേതര കേരളത്തിന്റെ അനുഗ്രഹീത ഭൂമികയില്‍ ഇടത്-വലത് രാഷ്ട്രീയ വേദികളില്‍ പലപ്പോഴായി നമസ്‌കാരം നിര്‍വഹിക്കപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക സാമൂഹിക സ്വത്വങ്ങള്‍ പൊതുസമൂഹം പരിചയപ്പെടുന്നത് പോലും അംഗീകരിക്കാന്‍ സാധിക്കാത്ത നാസ്തിക ചിന്തയാണ് ഹരിഹരനെ ഈ പ്രസ്താവനക്ക് പ്രേരിപ്പിച്ചതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

Tags:    

Similar News