ഒളി ക്യാമറാ വിവാദം: എം കെ രാഘവനെതിരേ പോലിസ് കേസെടുത്തു
അഴിമതി നിരോധന നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. ഡിജിപി ലോക്‌നാഥ് ബഹ്‌റ സിറ്റി പൊലിസ് കമ്മീഷണര്‍ എ വി ജോര്‍ജിന് നല്‍കിയ നിര്‍ദേശ പ്രകാരമാണ് നടപടി.
കോഴിക്കോട്: ഒളി ക്യാമറാ വിവാദത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരേ കോഴിക്കോട്, നടക്കാവ് പോലിസ് കേസെടുത്തു. അഴിമതി നിരോധന നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. ഡിജിപി ലോക്‌നാഥ് ബഹ്‌റ സിറ്റി പൊലിസ് കമ്മീഷണര്‍ എ വി ജോര്‍ജിന് നല്‍കിയ നിര്‍ദേശ പ്രകാരമാണ് നടപടി.
ബിസിനസുകാര്‍ എന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകര്‍ രാഘവനു പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ടി വി 9 ചാനലായിരുന്നു ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കോഴിക്കോട് ഹോട്ടല്‍ വ്യവസായം തുടങ്ങാന്‍ ആവശ്യമായ 15 ഏക്കര്‍ സ്ഥലം വാങ്ങാന്‍ അഞ്ചുകോടി രൂപ കൈക്കൂലി ചോദിച്ചെന്നാണ് ആരോപണം.ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിനു പിന്നാലെ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് രാഘവനെതിരെ കേസ് എടുക്കണമോ എന്ന കാര്യത്തില്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം ആരാഞ്ഞു. കേസ് എടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് രാഘവനെതിരേ കോഴിക്കോട് സിറ്റി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഒളി ക്യാമറാ ദൃശ്യങ്ങള്‍ പുറത്തെത്തിയതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എം കെ രാഘവനും പോലിസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം, ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് എം കെ രാഘവനും യുഡിഎഫും ആരോപിക്കുന്നത്.
സിപിഎമ്മും പോലിസും മാസങ്ങളായി തന്നെ വേട്ടയാടുകയാണെന്നും ഇതിന് മണ്ഡലത്തിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.