പിണറായി നീതിബോധമില്ലാത്ത ഭരണാധികാരി: എം കെ രാഘവന്‍

തിബോധമില്ലാത്ത ഭരണാധികാരികള്‍ നാടിന് ആപത്താണ്. അത്തരം ഭരണാധികാരികള്‍ കേസില്‍ നിന്ന് തടിയൂരാന്‍ സെക്രട്ടറിയേറ്റിലെ പ്രധാന ഫയലുകള്‍ കത്തിക്കുന്നതിന് ആസൂത്രണം ചെയ്യാനും മടിക്കില്ല.

Update: 2020-08-26 12:07 GMT

കോഴിക്കോട്: നീതിബോധമില്ലാത്ത ഭരണാധികാരിയാണ് പിണറായി വിജയനെന്ന് എം കെ രാഘവന്‍ എം.പി സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മറ്റി നടത്തിയ കരിദിനം ഡിസിസി ഓഫിസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരിയ കൊലക്കേസില്‍ ഒരു നീതി ബോധവുമില്ലാതെ പ്രതികളെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അതിനായി ഡല്‍ഹിയില്‍ നിന്നു വക്കീലിനെ കൊണ്ടുവന്നു. ഖജനാവില്‍ നിന്ന് 88 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭ്യമാക്കി നല്‍കേണ്ട മുഖ്യമന്ത്രി പ്രതികളെ സംരക്ഷിക്കുകയും കൊല്ലപ്പെട്ടവരുടെ കടുംബത്തെ ദ്രോഹിക്കുകയുമാണ് ചെയ്തത്. ഇതെന്തൊരു നീതിബോധമാണ്. ഇത്തരം നീതിബോധമില്ലാത്ത ഭരണാധികാരികള്‍ നാടിന് ആപത്താണ്. അത്തരം ഭരണാധികാരികള്‍ കേസില്‍ നിന്ന് തടിയൂരാന്‍ സെക്രട്ടറിയേറ്റിലെ പ്രധാന ഫയലുകള്‍ കത്തിക്കുന്നതിന് ആസൂത്രണം ചെയ്യാനും മടിക്കില്ല. എന്‍ഐഎ ആവശ്യപ്പെട്ട പല ഫയലുകളുമാണ് കത്തിച്ചത്. സെക്രട്ടറിയേറ്റിലെ സിസിടിവി ഇടിമിന്നലേറ്റ് തകര്‍ന്നതും സെക്രട്ടറിയേറ്റില്‍ ഫയല്‍ കത്തിച്ചതും ദുരൂഹമാണെന്നും എം കെ രാഘവന്‍ പറഞ്ഞു.

സഭയില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ഉന്നയിച്ച ആറ് അഴിമതി കാര്യങ്ങളില്‍ മറുപടി പറയാതെ മുഖ്യമന്ത്രി മൂന്നു മണിക്കൂര്‍ അധര വ്യായാമം നടത്തുകയായിരുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തട്ടിപ്പ്, പ്രളയ ഫണ്ട് തട്ടിപ്പ്, ബെവ്‌കോ തട്ടിപ്പ്, ഡിസ്റ്റിലറി തട്ടിപ്പ് അദാനിയുമായുള്ള ഒത്തുകളി എന്നിവയാണ് പ്രമേയത്തില്‍ ഉന്നയിച്ചത്. എന്നാല്‍ പച്ചക്കറികൃഷി നടപ്പാക്കിയതും കനാലും കിണറും കുഴിച്ചതുമൊക്കെ പറഞ്ഞ് മുഖ്യമന്ത്രി കാടുകയറുകയായിരുന്നു. സ്പീക്കര്‍ മുഖ്യമന്ത്രിയുടെ ഉച്ചഭാഷിണിയായി പ്രവര്‍ത്തിച്ചു. പ്രതിപക്ഷത്തിന് വേണ്ട സമയം നല്‍കിയതുമില്ല. സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കത്തിയതിനു പിന്നില്‍ ദുരൂഹതയുണ്ട്. സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്നത് സിപിഎം പ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും മുനീര്‍ പറഞ്ഞു. കറുത്ത തുണികൊണ്ട് മുഖം മറച്ചായിരുന്നു പ്രതിഷേധം.

യോഗത്തില്‍ ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ കെ ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ്, ഉമര്‍ പാണ്ടികശാല, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, കെ സി അബു, എന്‍ സുബ്രഹ്മണ്യന്‍, അഡ്വ. പ്രവീണ്‍ കുമാര്‍, മനോളി ഹാഷിം, എന്‍ സി അബൂബക്കര്‍, നരേന്ദ്രനാഥ്, ബാലഗോപാല്‍ ടി.കെ, ഷെറിന്‍ ബാബു, ഉമ്മര്‍ പി, മൊയ്തീന്‍ കോയ, മൊയ്തീന്‍ മാസ്റ്റര്‍ സംസാരിച്ചു.

Tags:    

Similar News