ഗസ സിറ്റി: ഗസയില്‍ നിന്ന് പിന്‍മാറിയ ഇസ്രായേല്‍ സൈന്യം രഹസ്യമായി സൂക്ഷിച്ച ചാര ഉപകരണങ്ങള്‍ കണ്ടെത്തി ഹമാസ്. മൊബൈല്‍ ഫോണ്‍ ചാര്‍ജറുകളിലും പവര്‍ ബാങ്കുകളിലും ആശുപത്രി ഉപകരണങ്ങളിലും കസേരയിലും മേശയിലും വരെ ചാര ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇസ്രായേലിന്റെ ചാരപ്രവര്‍ത്തനം കണ്ടെത്താന്‍ നിയോഗിച്ച എഞ്ചിനീയര്‍മാരാണ് ഇവ കണ്ടെത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സുരക്ഷിതമല്ലാത്ത സംവിധാനങ്ങളിലൂടെ ആശയവിനിമയം നടത്തരുതെന്ന് എഞ്ചിനീയര്‍മാര്‍ പ്രതിരോധപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ഗസയിലെ ഓരോ വീടുകളിലേക്കും അല്‍ഖസ്സം ബ്രിഗേഡ് കത്തുകള്‍ അയച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേല്‍ അധിനിവേശത്തെ നേരിടാന്‍ വീടുകള്‍ അനുമതിയില്ലാതെ ഉപയോഗിക്കേണ്ടി വന്നതില്‍ ക്ഷമചോദിച്ചാണ് കത്തുകള്‍ എഴുതിയിരിക്കുന്നത്.
''ജനങ്ങളേ, പ്രിയപ്പെട്ടവരേ, ദൈവം നിങ്ങളുടെ പരിശ്രമങ്ങള്‍, ക്ഷമ, ത്യാഗങ്ങള്‍, രക്തം എന്നിവ സ്വീകരിക്കട്ടെ, നിങ്ങള്‍ക്ക് നഷ്ടപ്പെട്ട എല്ലാത്തിനും ഏറ്റവും മികച്ചത് നല്‍കി അവന്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കട്ടെ. ദൈവത്താല്‍ സത്യം, നിങ്ങളുടെ മതത്തിനും മാതൃരാജ്യത്തിനും വേണ്ടി നിങ്ങള്‍ കഷ്ടപ്പെട്ടു, ഉപദ്രവിക്കപ്പെട്ടു, നാടുകടത്തപ്പെട്ടു, അടിച്ചമര്‍ത്തപ്പെട്ടു.''-കത്ത് പറയുന്നു.
''ഞങ്ങളോട് ക്ഷമിക്കണം, ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കണം. ഞങ്ങള്‍ നിങ്ങളുടെ വസ്തുക്കള്‍ ഉപയോഗിച്ചു, നിങ്ങളുടെ വീട്ടില്‍ പ്രവേശിച്ചു, നിങ്ങളുടെ ഭക്ഷണം കഴിച്ചു, നിങ്ങളുടെ പാനീയങ്ങള്‍ കുടിച്ചു, നിങ്ങളുടെ വസ്ത്രങ്ങള്‍ ധരിച്ചു. ഓരോ കുട്ടിയുടെയും നിലവിളി, വേദന, കണ്ണുനീര്‍ എന്നിവയില്‍ ഞങ്ങളോട് ക്ഷമിക്കണം. ദൈവത്താല്‍ സത്യം, ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങള്‍ പോരാടി, ത്യജിക്കാന്‍ കഴിയുന്നതെല്ലാം ത്യജിച്ചു. ഞങ്ങള്‍ കീഴടങ്ങിയില്ല, ഞങ്ങള്‍ ഫലസ്തീനികളെ അവഗണിച്ചില്ല, ഞങ്ങള്‍ ഒറ്റിക്കൊടുത്തില്ല, നമ്മുടെ ശക്തികേന്ദ്രങ്ങള്‍ ഉപേക്ഷിച്ചില്ല.....ഓരോ വര്‍ഷവും നിങ്ങളെ മഹത്വത്തിലേക്കും അന്തസ്സിലേക്കും അടുപ്പിക്കട്ടെ. ദൈവം നിങ്ങളുടെ സ്ഥിരോത്സാഹത്തെയും പ്രതിരോധത്തെയും ക്ഷമയെയും സ്വീകരിക്കട്ടെ. ദൈവം ഉദ്ദേശിക്കുന്ന പക്ഷം, മസ്ജിദുല്‍ അഖ്‌സയുടെ മുറ്റത്തുവെച്ചു നാം കാണും.''-കത്ത് പറയുന്നു.
ഇസ്രായേലുമായി വെടിനിര്‍ത്തല്‍ വന്നതോടെ ഗസയുടെ പൂര്‍ണനിയന്ത്രണം ഹമാസ് ഏറ്റെടുത്തെന്ന് വിദേശവാര്‍ത്താ ഏജന്‍സികളിലെ റിപോര്‍ട്ടുകള്‍ പറയുന്നു. ഗസയിലെ സുരക്ഷാ വിടവ് തടയാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഗസ ഗവണ്‍മെന്റ് മീഡിയ ഓഫീസ് ഡയറക്ടര്‍ ഇസ്മായില്‍ അല്‍തവാബ്ത പറഞ്ഞു. ഭക്ഷണവും മരുന്നുമെല്ലാം എത്തിക്കുന്ന ട്രക്കുകള്‍ക്ക് 700ഓളം പോലിസുകാര്‍ സംരക്ഷണം നല്‍കുന്നുണ്ട്. 18,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥാരണ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. വെടിനിര്‍ത്തലിന് ശേഷം ക്രിമിനല്‍ സംഘങ്ങള്‍ ട്രക്കുകളെ ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ വക്താവും സ്ഥിരീകരിച്ചു.