വാഷിങ്ടണ്‍: ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടും അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ സഖ്യത്തോടുമുള്ള ജോബൈഡന്റെ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് യുഎസില്‍ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കൂടി രാജിവച്ചു. ഇസ്രായേലി-ഫലസ്തീന്‍ കാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആന്‍ഡ്രൂ മില്ലറാണ് രാജി പ്രഖ്യാപിച്ചത്. ഇസ്രായേല്‍-ഫലസ്തീന്‍ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരില്‍ ഇന്നുവരെ രാജിവച്ച ഏറ്റവും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനാണ് മില്ലര്‍. മില്ലറുടെ രാജി പൊതുവെ ഭരണകൂടത്തിനും പ്രത്യേകിച്ച് രാജ്യത്തിനും ഒരു നഷ്ടമായിരിക്കുമെന്ന് ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ വൈസ് പ്രസിഡന്റും ഫോറിന്‍ പോളിസി ഡയറക്ടറുമായ സുസെയ്ന്‍ മലോനി പറഞ്ഞു. യുഎസിനും അതിന്റെ സഖ്യകക്ഷികള്‍ക്കുമുള്ള സുരക്ഷാ പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രവര്‍ത്തിക്കുന്നവരെ സംഘര്‍ഷം ബാധിച്ചുവെന്നതിന്റെ പൊതുവായ സൂചകമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീനിയന്‍ അവകാശങ്ങളുടെയും രാഷ്ട്രത്വത്തിന്റെയും തത്വാധിഷ്ഠിത പിന്തുണക്കാരന്‍, മിഡില്‍ ഈസ്റ്റ് കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മ ചിന്താഗതിക്കാരന്‍ എന്നീ നിലകളിലാണ് മില്ലറെ വിശേഷിപ്പിക്കപ്പെടുന്നത്. ഇസ്രായേല്‍-ഫലസ്തീന്‍ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ്, അദ്ദേഹം ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറുടെ മുതിര്‍ന്ന നയ ഉപദേശകനായിരുന്നു. ബരാക് ഒബാമയുടെ ഭരണകാലത്ത് വൈറ്റ് ഹൗസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഈജിപ്ത്, ഇസ്രായേല്‍ സൈനിക പ്രശ്‌നങ്ങളുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആന്‍ഡ്രൂ മില്ലര്‍ 2022 ഡിസംബര്‍ മുതലാണ് ഇസ്രായേല്‍-ഫലസ്തീന്‍ കാര്യങ്ങളുടെ ഡെപ്യൂട്ടി അസിസ്റ്റന്റ് സ്‌റ്റേറ്റ് സെക്രട്ടറിയായി സേവനം തുടങ്ങഇയത്. ആന്‍ഡ്രൂ മില്ലര്‍ സ്മാര്‍ട്ടും ക്രിയേറ്റീവുമായ നയതന്ത്രജ്ഞനായിരുന്നുവെന്ന് മിഡില്‍ ഈസ്റ്റ് വിദഗ്ധന്‍ ആരോണ്‍ ഡേവിഡ് മില്ലര്‍ പറഞ്ഞു.