മഹാരാഷ്ട്രയിലെ ബിജെപിയുടെ തോല്‍വി; ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി പദം ഒഴിഞ്ഞേക്കും
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസ്ഥാന ഘടകം അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ പ്രകടനം വിശകലനം ചെയ്യുക, ഭാവി തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നിവയായിരുന്നു പ്രാഥമിക അജണ്ട. മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളില്‍ 17ഉം ബിജെപിയും സഖ്യകക്ഷികളും നേടിയെങ്കിലും 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഫലങ്ങളില്‍ കാര്യമായ ഇടിവുണ്ടായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപി 23 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍, ഇത്തവണ കോണ്‍ഗ്രസ്, ശിവസേന(യുബിടി), എന്‍സിപി(ശരദ്ചന്ദ്ര പവാര്‍) എന്നിവരടങ്ങുന്ന പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ)ക്കു മുന്നില്‍ അടിപതറി. സഖ്യത്തിന് 30 സീറ്റുകള്‍ ലഭിച്ചു. 2019 ലെ ഒരു സീറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 13 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ശിവസേന (യുബിടി) ഒമ്പത് സീറ്റുകള്‍ നേടിയപ്പോള്‍ എന്‍സിപി(ശരദ്ചന്ദ്ര പവാര്‍) എട്ട് സീറ്റുകള്‍ നേടി. ശിവസേനയില്‍നിന്നു കൂറുമാറിയ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ 2022 ജൂണ്‍ 30നാണ് ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.