'ശക്തമായിരിക്കൂ ഇന്ത്യ'; കൊവിഡ് വ്യാപനത്തില്‍ പിന്തുണയുമായി ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ
'സ്‌റ്റേ സ്‌ട്രോങ് ഇന്ത്യ' എന്ന സന്ദേശവുമായി ഞായറാഴ്ച രാത്രിയാണ് ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങളണിഞ്ഞത്.
ദുബയ്: കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യവും പിന്തുണയുമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബയിലെ ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞു. 'സ്‌റ്റേ സ്‌ട്രോങ് ഇന്ത്യ' എന്ന സന്ദേശവുമായി ഞായറാഴ്ച രാത്രിയാണ് ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങളണിഞ്ഞത്.
23 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ബുര്‍ജ് ഖലീഫയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.വെല്ലുവിളികളുടെ നാളില്‍ ഇന്ത്യന്‍ ജനതക്ക് പിന്തുണയും പ്രാര്‍ത്ഥനകളും എന്ന് അറിയിച്ചായിരുന്നു ഇത്. തുടര്‍ന്ന് സ്‌റ്റേ സ്‌ട്രോങ് ഇന്ത്യ എന്ന ഹാഷ് ടാഗോടെ നിരവധിപ്പേര്‍ ഈ വീഡിയോ പങ്കുവെച്ചു.
കൊവിഡ് പോരാട്ടത്തിലുള്ള ഇന്ത്യയ്ക്ക് സുഹൃത്തിന്റെ വിജയാശംസ എന്ന കുറിപ്പോടെ യുഎഇയിലെ ഇന്ത്യന്‍ എംബസിയും ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചു. പ്രയാസകരമായ അവസ്ഥയിലൂയെ കടന്നുപോകുന്ന രാജ്യത്തിന് യുഎഇ നല്‍കുന്ന പിന്തുണയെ വിലമതിക്കുന്നുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കുമാര്‍ പറഞ്ഞു.
കൊവിഡ് വ്യാപനത്തെതുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണയും സഹായവും യുഎഇ വാഗ്ദാനം ചെയ്തിട്ടുണ്ട്.