സ്ത്രീകള്‍ക്കെതിരായ ഹിന്ദുത്വ പീഢനങ്ങള്‍ അവസാനിപ്പിക്കണം: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
സ്ത്രീ-പുരുഷ ഭേദമന്യേ ഒരു സമൂഹത്തെ ഒന്നടങ്കം അടിമപ്പെടുത്താനും ഉന്മൂലനം ചെയ്യാനും സംഘപരിവാര്‍ ശക്തികള്‍ ഒളിയജണ്ടയുമായി രംഗത്തു വന്നിരിക്കുന്നുവെന്നത് അവിതര്‍ക്കിതമായ വസ്തുതയായിരിക്കേ സ്ത്രീകള്‍ കൂടുതല്‍ സമര സജ്ജരാവേണ്ടത് രാഷ്ട്ര ധര്‍മം മാത്രമല്ല, മതപരമായ ബാധ്യത കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ഹിന്ദുത്വ വാഴ്ചക്കാലത്ത് ഓരോ ദിവസവും സ്ത്രീകള്‍ക്കെതിരായ പീഢനവും വിവേചനവും വര്‍ധിച്ചുവരികയാണെന്നും അതിനെതിരേ ശക്തമായ സ്ത്രീ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരണമെന്നും ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ് വി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്ത് ഭൂജിലെ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥിനികള്‍ ആര്‍ത്തവ സമയത്ത് അടുക്കളയിലും ക്ഷേത്രപരിസരത്തും പോകുന്നുവെന്നും മറ്റുള്ളവരെ തൊടുന്നു എന്നും ആക്ഷേപിച്ച് പ്രിന്‍സിപ്പലും വാര്‍ഡനും അധ്യാപകരും റെക്റ്ററും ചേര്‍ന്ന് അടിവസ്ത്രമൂരി പരിശോധിച്ചെന്ന വാര്‍ത്ത ഇന്ത്യന്‍ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഭരണഘടനയുടെ സമത്വവും നീതിയും തകിടം മറിച്ച് മനുസ്മൃതി നടപ്പാക്കുന്നതിന്റെ ഭ്രാന്താവേശത്തിലാണ് സംഘപരിവാര്‍ ശക്തികള്‍.
പൗരത്വ പ്രക്ഷോഭത്തിനിറങ്ങിയ ഡല്‍ഹി ജാമിഅയിലെയും മറ്റും വിദ്യാര്‍ഥിനികള്‍ക്കെതിരേ പോലിസും സംഘപരിവാര്‍ അക്രമികളും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും ലൈംഗികാതിക്രമങ്ങളും രാജ്യത്തെ തന്നെ നാണിപ്പിക്കുന്നതാണ്. പ്രബുദ്ധ സമുഹത്തെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിന്ന് സംവാദാത്മകമായ സമരമുയര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതാണ് സ്ഥിതിയെങ്കില്‍ സാധാരണ സ്ത്രീകളോടുള്ള സംഘപരിവാര്‍ സമീപനം എന്താവുമെന്ന് എല്ലാവരും ചിന്തിക്കേണ്ടതുണ്ട്. ശാഹീന്‍ബാഗ് മോഡലില്‍ ചെന്നൈയില്‍ തുടങ്ങിയ പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്ത്രീകളെ കഴിഞ്ഞ രാത്രിയില്‍ അതിക്രൂരമായാണ് പോലിസ് തല്ലിച്ചതച്ചത്. രണ്ട് മാസമായി തുടരുന്ന ശാഹീന്‍ ബാഗിലെ വൃദ്ധമാതാക്കളും സഹോദരിമാരും കൈക്കുഞ്ഞുങ്ങളും നടത്തുന്ന ജനാധിപത്യ പ്രക്ഷോഭത്തെയും ആയുധം കൊണ്ട് തോല്‍പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. സ്ത്രീ-പുരുഷ ഭേദമന്യേ ഒരു സമൂഹത്തെ ഒന്നടങ്കം അടിമപ്പെടുത്താനും ഉന്മൂലനം ചെയ്യാനും സംഘപരിവാര്‍ ശക്തികള്‍ ഒളിയജണ്ടയുമായി രംഗത്തു വന്നിരിക്കുന്നുവെന്നത് അവിതര്‍ക്കിതമായ വസ്തുതയായിരിക്കേ സ്ത്രീകള്‍ കൂടുതല്‍ സമര സജ്ജരാവേണ്ടത് രാഷ്ട്ര ധര്‍മം മാത്രമല്ല, മതപരമായ ബാധ്യത കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.