ദേശീയ ബാലാവകാശ കമ്മീഷന് മദ്‌റസകളുടെ കാര്യത്തില്‍ മാത്രമെന്താണ് ആശങ്കയെന്ന് സുപ്രിംകോടതി
മദ്‌റസാ നിയമങ്ങള്‍ റദ്ദാക്കുന്നത് കുട്ടികളെ തൊട്ടിലടക്കം എറിയുന്നതിന് തുല്യം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന മദ്‌റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റി. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളാണ് വിധി പറയാന്‍ മാറ്റിയിരിക്കുന്നത്. മതന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയുടെ ലംഘനമാവില്ലെന്ന് ചീഫ്ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മദ്‌റസകളുടെ പ്രവര്‍ത്തനവും ഗുണനിലവാരവും ഉറപ്പുവരുത്താനാണ് 2004ല്‍ മുലായം സര്‍ക്കാര്‍ മദ്‌റസാ വിദ്യാഭ്യാസ നിയമം കൊണ്ടുവന്നത്. മദ്‌റസകളുടെ പ്രവര്‍ത്തനവും നിയന്ത്രണവും ഉറപ്പുവരുത്തുന്നതിനൊപ്പം നിയമപരമായ പരിരക്ഷയും നല്‍കുന്നതായിരുന്നു നിയമം. മദ്‌റസകളില്‍ അറബിക്, ഉറുദു, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകളും ഇസ്‌ലാമിക പഠനങ്ങളും പാരമ്പര്യ വൈദ്യവും തത്വശാസ്ത്രവും പഠിപ്പിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്നാണ് 2024 ഏപ്രില്‍ അലഹാബാദ് ഹൈക്കോടതി വിധിച്ചത്. മതവിദ്യാഭ്യാസം നല്‍കുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത് മതനിരപേക്ഷതക്ക് എതിരാണെന്നായിരുന്നു കണ്ടെത്തല്‍. ഈ വിധിയെ ചോദ്യം ചെയ്താണ് സുപ്രിംകോടതിയില്‍ അപ്പീലുകള്‍ എത്തിയത്. നേരത്തെ അപ്പീലുകള്‍ പരിഗണിച്ച സുപ്രിംകോടതി, ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തിരുന്നു.
പൂര്‍ണ്ണമായും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപഠനം പാടില്ലെന്നാണ് ഭരണഘടനയുടെ 28(1) പരിഛേദം പറയുന്നതെന്ന് അപ്പീല്‍ വാദികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്താഗി ചൂണ്ടിക്കാട്ടി. എന്നാല്‍, ഏതെങ്കിലും ട്രസ്‌റ്റോ സ്ഥാപനങ്ങളോ തുടങ്ങിയ, സര്‍ക്കാര്‍ നിയന്ത്രിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മതപഠനം നടത്താന്‍ അവകാശമുണ്ടെന്നാണ് 28(2) പരിഛേദം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതൊരു കുട്ടിക്കും സ്വന്തം താല്‍പര്യപ്രകാരം മതം പഠിക്കാമെന്നാണ് ഭരണഘടനയുടെ 28(3) പരിഛേദം പറയുന്നതെനന് കോടതിയും ചൂണ്ടിക്കാട്ടി. മത വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതില്‍ എന്താണ് തെറ്റെന്നും വാദത്തിനിടെ കോടതി ചോദിച്ചു. '' ഉത്തര്‍പ്രദേശ് മദ്‌റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കുന്നത് മദ്‌റസകളുടെ അംഗീകാരം ഇല്ലാതാക്കും. മദ്‌റസകളെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നത് ദേശീയ താല്‍പര്യത്തിന് എതിരാണെന്ന് വിശ്വസിക്കുന്നവരുണ്ടോ?. ഏഴു നൂറ്റാണ്ടിന്റെ ചരിത്രത്തെ അങ്ങനെ ഇല്ലാതാക്കാന്‍ സാധിക്കില്ല. ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവയ്ക്കുകയാണെങ്കില്‍ രക്ഷിതാക്കള്‍ കുട്ടികളെ മദ്‌റസകളിലേക്ക് തന്നെയായിരിക്കും അയക്കുക. അതോടെ കുട്ടികളുടെ കാര്യത്തില്‍ നിയമപരമായ ഒരു സഹായവും നല്‍കാന്‍ കഴിയാതാവും.''- കോടതി പറഞ്ഞു.
മദ്‌റസകളെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളായി കാണാനാവില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസവുമായി ഒത്തുപോവുന്ന മദ്‌റസ സംവിധാനമാണ് വേണ്ടതെന്നും അഭിഭാഷകന്‍ വാദിച്ചു. മറ്റു മതങ്ങളുടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സമാനമായ തീരുമാനം ബാലാവകാശ കമ്മീഷന്‍ എടുത്തിട്ടുണ്ടോയെന്ന് കോടതി ഇതിന് മറുപടിയായി ചോദിച്ചു.
'' മറ്റു മതങ്ങള്‍ക്കും കുട്ടികള്‍ക്ക് മതപാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്ന സ്ഥാപനങ്ങളുണ്ടെന്ന കാര്യം ദേശീയ ബാലാവകാശ കമ്മീഷന്‍ അറിയാതിരിക്കാന്‍ തരമില്ല. അവയുടെ പ്രവര്‍ത്തനം ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണെന്ന നിലപാട് നിങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ ?. മതേതര വിദ്യാഭ്യാസം നല്‍കാത്തവര്‍ മതപാഠങ്ങള്‍ പഠിപ്പിക്കരുതെന്ന നിലപാട് അവരുടെ കാര്യത്തില്‍ നിങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ?.ശാസ്ത്രവും ഗണിതവും മറ്റും പഠിപ്പിക്കില്ലെങ്കില്‍ മൊണാസ്ട്രികളും വേദപഠനശാലകളും നടത്താന്‍ കഴിയില്ലെന്ന് നിങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടോ ?. എന്തുകൊണ്ടാണ് മദ്‌റസകളുടെ കാര്യത്തില്‍ മാത്രം ആശങ്ക? മറ്റു മതസ്ഥരുടെ കാര്യത്തില്‍ നിങ്ങള്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ താല്‍പര്യമുണ്ട്.''- കോടതി പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നിയമം നടപ്പാവുന്നുണ്ടെന്ന് ഉറപ്പുവരുത്തുക മാത്രമാണ് ചെയ്യുന്നതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ഇതിന് മറുപടി നല്‍കി. തുടര്‍ന്നാണ് അപ്പീലുകള്‍ വിധി പറയാന്‍ മാറ്റിയത്.