കണ്ടക്ടറുടെ അനാവശ്യ ഇടപെടൽ ചോദ്യം ചെയ്ത വിദ്യാർഥിയെ ബസ് ജീവനക്കാരും നാട്ടുകാരും ക്രൂരമായി മർദ്ദിച്ചു
കണ്ടക്ടറുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതിനാണ് തന്നെ ലഹരിക്കടിമയാണെന്ന് പറഞ്ഞ് ക്രൂരമായി മർദിച്ചത്. പള്ളികളിൽ ജോലി ചെയ്യുന്നയാളായ താൻ ഇതുവരെ ഒരു ലഹരിയും ഉപയോഗിക്കാത്ത ആളാണെന്ന് പറഞ്ഞിട്ടും ബസ് ജീവനക്കാരും നാട്ടുകാരിലെ ചിലരും തന്നെ ക്രൂരമായി മർദ്ദിച്ചു.
മലപ്പുറം: ബസ് കണ്ടക്ടറുടെ അനാവശ്യ ഇടപെടൽ ചോദ്യംചെയ്ത വിദ്യാർഥിയെ ബസ് ജീവനക്കാരും നാട്ടുകാരും ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. വിദ്യാർഥികളോട് മോശമായി പെരുമാറിയ കണ്ടക്ടറോട് പ്രതികരിച്ചതിന്റെ ദേഷ്യം തീർക്കാനാണ് തന്നെ ബസിൽ വെച്ചും പിന്നീട് പുറത്തിറക്കിയും ബസ് ജീവനക്കാർ ക്രൂരമായി മർദിച്ചതെന്ന് അലനല്ലൂർ സ്വദേശിയും വിദ്യാർഥിയുമായ ഹാരിസുബ്നു മുബാറക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വയംരക്ഷക്ക് കരുതിയ മുളക് സ്പ്രേ അടിച്ചതിനെ വളച്ചൊടിച്ചാണ് ആദ്യം വാർത്തകൾ പ്രചരിച്ചത്. ക്രൂര മർദ്ദനം നേരിട്ടപ്പോളാണ് ബസിന് പുറത്തു വെച്ച് മുളക് സ്പ്രേ പ്രയോഗിച്ചത്, അത് അബദ്ധവശാൽ സമീപത്തുണ്ടായിരുന്ന വിദ്യാർഥികളുടെ ശരീരത്തിലേക്ക് പടരുകയായിരുന്നു.
കരിങ്ങാടനുള്ള അറബിക് കോളജിലെ ബി എ അഫ്ദലുൽ ഉലമ വിദ്യാർഥിയാണ് ഹാരിസ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കോളജ് കഴിഞ്ഞ് പെരിന്തൽമണ്ണയിൽ നിന്ന് അലനല്ലൂരിലേക്ക് മിഹ്റാജ് എന്ന ബസിൽ വരുമ്പോൾ വിദ്യാർഥികൾക്കെതിരേ കണ്ടക്ടറുടെ മോശം പെരുമാറ്റം കാണുകയും അത് ചോദ്യം ചെയ്യുകയും ചെയ്ത ഹാരിസിനെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് മർദ്ദിക്കുകയും നിലത്തു കിടത്തി ചവിട്ടുകയും ചെയ്തു.
കണ്ടക്ടറുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതിനാണ് തന്നെ ലഹരിക്കടിമയാണെന്ന് പറഞ്ഞ് ക്രൂരമായി മർദിച്ചത്. പള്ളികളിൽ ജോലി ചെയ്യുന്നയാളായ താൻ ഇതുവരെ ഒരു ലഹരിയും ഉപയോഗിക്കാത്ത ആളാണെന്ന് പറഞ്ഞിട്ടും ബസ് ജീവനക്കാരും നാട്ടുകാരിലെ ചിലരും തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും ഹാരിസ് പറഞ്ഞു.
ബസ് കണ്ടക്ടർ ആദ്യം അടിച്ചു. പിന്നെ ഡ്രൈവർകൂടി ചേർന്ന് ബസിൽ നിന്ന് പുറത്തെത്തിച്ചു ജാക്കി ലിവറെടുത്ത് പൊതിരെ തല്ലി. മർദ്ദനം തുടർന്നപ്പോൾ നിവൃത്തിയില്ലാതെ സ്വയംരക്ഷക്ക് കൈയിലുണ്ടായിരുന്ന മുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നു. എന്നാൽ അത് വിദ്യാർഥികളുടെ മേൽ പതിക്കുമെന്ന് കരുതിയില്ല എന്ന് ഹാരിസ് പറഞ്ഞു.
അതിനു ശേഷം ബസ് ജീവനക്കാരും കൂടെയുണ്ടായിരുന്നവരും കൈ പിന്നിലേക്ക് കൂട്ടിക്കെട്ടി മതിലിനോട് ചേർത്തുപിടിച്ച് മുഖത്ത് കല്ലുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് മുഖത്തിനും കണ്ണിലും പരിക്കേറ്റു. സത്യാവസ്ത ബോധ്യപ്പെട്ട ചില നാട്ടുകാർ വിദ്യാർഥിയാണ് തലല്ലേ എന്നു പറഞ്ഞെങ്കിലും മർദ്ദനം തുടരുകയായിരുന്നു. കൂടാതെ ബസ് ജീവനക്കാർ ആക്രമണ വീഡിയോകൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തു. മേലാറ്റൂർ പോലിസെത്തിയാണ് രക്ഷിച്ചത്.
സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരേയും കണ്ടാലറിയാവുന്ന ആറുപേർക്കെതിരേയും മേലാറ്റൂർ പോലിസ് കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി, ഡിജിപി, ജില്ല പോലിസ് മേധാവി, മനുഷ്യാവകാശ കമീഷൻ എന്നിവർക്കും ഹാരിസ് പരാതി നൽകിയിട്ടുണ്ട്.