വയനാട്ടില്‍ വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവം: അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകരായ കെ കെ മോഹനന്‍, സിവി ഷജില്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരി സാര്‍വജന ഹയര്‍സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകരായ കെ കെ മോഹനന്‍, സിവി ഷജില്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഷെഹലയുടെ മരണത്തില്‍ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരേയും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേയുമാണ് കേസുള്ളത്.
സംഭവം നടക്കുമ്പോള്‍ താന്‍ സ്റ്റാഫ് റൂമിലായിരുന്നു. പാമ്പ് കടിയേറ്റെന്ന് ഷഹല പരാതിപ്പെട്ടപ്പോള്‍ ക്ലാസ് മുറി പരിശോധിച്ചിരുന്നതായും എന്നാല്‍ പാമ്പിനെ കണ്ടെത്താനായില്ലെന്നുമാണ് ഷജിലിന്റെ വാദം. കൂടാതെ കുട്ടികളോട് ക്ലാസില്‍ പോകാന്‍ ആവശ്യപ്പെട്ടത് രംഗം ശാന്തമാക്കാനും ഷഹലയ്ക്ക് ശുദ്ധവായു കിട്ടാനുമാണെന്നും ഷജിലിന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു
മറ്റൊരു അധ്യാപകന്‍ പറഞ്ഞപ്പോഴാണ് താന്‍ കാര്യം അറിഞ്ഞതെന്നാണ് വൈസ് പ്രിന്‍സിപ്പല്‍ കെ കെ മോഹനന്റെ വാദം. ഷഹലയുടെ പിതാവ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതിന്റെ പുറകെ ബൈക്കില്‍ താനും പോയതായും അദ്ദേഹം പറയുന്നു.
പാന്വുകടിയേറ്റ ഷഹലയ്ക്ക് അടിയന്തരമായി ചികിത്സ ഉറപ്പു വരുത്തുന്നതില്‍ ഇവരുടെ ഭാഗത്തു നിന്ന് അനാസ്ഥയുണ്ടെന്നായിരുന്നു പ്രാഥമികമായ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും ബാലനീതി വകുപ്പിലെ 75ാം വകുപ്പ് പ്രകാരവുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ രണ്ടാമത്തേത് ജാമ്യം ലഭിക്കാത്ത വകുപ്പാണ്. നവംബര്‍ 20നാണ് സര്‍വജന സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷഹലയ്ക്ക് ക്ലാസ്മുറിയില്‍ വെച്ച് പാമ്പുകടിയേറ്റത്.