കാവി ഷാള്‍ ധരിക്കാന്‍ വിസമ്മതിച്ചു; കര്‍ണാടകയില്‍ ദലിത് വിദ്യാര്‍ഥികള്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ട് എബിവിപി
കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി സന്ദീപി (20)ന് ആക്രമണത്തില്‍ കുത്തേറ്റിട്ടുണ്ട്. സന്ദീപിന്റെ സുഹൃത്തുക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പലര്‍ക്കും കൈക്കും ശരീരമാസകലവും ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എബിവിപി പ്രവര്‍ത്തകര്‍ വ്യാപക അക്രമം അഴിച്ചുവിടുന്നു. ഹിജാബിനെതിരേ പ്രതിഷേധിക്കുന്നവര്‍ കോളജുകളില്‍ കാവി ഷാള്‍ ധരിക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കുന്നതിന്റെ കൂടുതല്‍ റിപോര്‍ട്ടുകളും പുറത്തുവരികയാണ്. മംഗളൂരുവിലെ സ്വകാര്യ പാരാമെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെ എബിവിപി- ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കാവി ഷാള്‍ അണിയിക്കാന്‍ ശ്രമിക്കുന്നതിന്റെ റിപോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ കര്‍ണാടകയിലെ കുശാല്‍നഗര്‍ സുന്ദര്‍നഗര്‍ ആര്‍ട്‌സ് കോളജിലും സമാനസംഭവങ്ങള്‍ അരങ്ങേറി. ഇവിടെ കാവി ഷാള്‍ ധരിക്കാന്‍ വിസമ്മതിച്ച ദലിത് വിദ്യാര്‍ഥികള്‍ക്കെതിരേ എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയാണുണ്ടായത്.
കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി സന്ദീപി (20)ന് ആക്രമണത്തില്‍ കുത്തേറ്റിട്ടുണ്ട്. സന്ദീപിന്റെ സുഹൃത്തുക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പലര്‍ക്കും കൈക്കും ശരീരമാസകലവും ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ വിക്രമിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ വിക്രമിനെയും സുഹൃത്തുക്കളെയും പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഹിജാബ് നിരോധനം ആവശ്യപ്പെട്ട് വിക്രമിന്റെ നേതൃത്വത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ കോളജിലെ വിദ്യാര്‍ഥികളോട് കാവി ഷാള്‍ ധരിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.
സന്ദീപ് ഇതിനെ എതിര്‍ത്തു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. കാര്യങ്ങള്‍ കൈയാങ്കളിയിലെത്തിയതോടെ കൂടുതല്‍ എബിവിപി പ്രവര്‍ത്തകരെയും സന്ദീപിനെയും സുഹൃത്തുക്കളെയും ആയുധവുമായി നേരിടുകയായിരുന്നു. ഇതിനിടെയാണ് സന്ദീപിന് കുത്തേല്‍ക്കുന്നത്. സന്ദീപിന്റെ മുതുകിലും തോളിയും കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കുശാല്‍നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട വിക്രമിനെയും കൂട്ടാളികളെയും പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് സംഘത്തിലെ വിദ്യാര്‍ഥികളെയും പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.
ഹിജാബ് സംഭവത്തിന്റെ മറവില്‍ ചില കോളജ് വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ ഇരകളാക്കപ്പെടുകയാണെന്ന് ഡോ.ബി ആര്‍ അംബേദ്കര്‍ ജനതാ പാര്‍ട്ടി ഫോറം ജില്ലാ പ്രസിഡന്റ് എച്ച് സി ജയപ്രകാശ് പറഞ്ഞു. ഏതാനും ചിലരുടെ രാഷ്ട്രീയ കുബുദ്ധിയില്‍ നിരപരാധികളായ വിദ്യാര്‍ഥികളാണ് ഇരകളാവുന്നത്. ആരും ഇതിനെ രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടകയിലെ വിവിധ കോളജുകളില്‍ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷം തെരുവിലേക്കെത്തിയിരിക്കുകയാണ്.
സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ നേതൃത്വത്തില്‍ ഹിജാബ് ധരിച്ച് വരുന്ന വിദ്യാര്‍ഥിനികള്‍ക്ക് നേരെ കൈയേറ്റത്തിന് ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. കോളജുകളില്‍ കാവി ഷാള്‍ അണിഞ്ഞെത്തിയ ഹിന്ദുത്വര്‍ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥിനികള്‍ക്ക് നേരെ ജയ് ശ്രീറാം വിളികളുമായെത്തി. വിവിധ കോളജുകളില്‍ ആരംഭിച്ച സംഘര്‍ഷം തെരുവിലേക്ക് നീങ്ങിയതോടെ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു.
ഹിജാബ് ധരിക്കാനുള്ള അവകാശത്തായി പോരാടുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദലിത് വിദ്യാര്‍ഥികളും രംഗത്തെത്തിയിട്ടുണ്ട്. ചിക്മംഗ്ലൂര്‍ ഐഡിഎസ്ജി കോളജിലെ ദലിത് വിദ്യാര്‍ഥികളാണ് നീല ഷാള്‍ അണിഞ്ഞ് ജയ് ഭീം മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത്. ദലിത് വിദ്യാര്‍ഥികളെ തടയാന്‍ എബിവിപി പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജയ് ഭീം മുദ്രാവാക്യമുയര്‍ത്തെത്തിയ ദലിത് വിദ്യാര്‍ഥികളെയാണ് എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞത്.