വിദ്യാര്‍ഥികളുടെ യാത്രാ ഇളവ്: രാമചന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ട് അപ്രായോഗികം- കാംപസ് ഫ്രണ്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവിനുള്ള പ്രായപരിധി 17 വയസ്സായി പരിമിതപ്പെടുത്തിക്കൊണ്ടുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ട് അപ്രായോഗികമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറര്‍ എം ശെയ്ഖ് റസല്‍. വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് 17 വയസ്സായി നിജപ്പെടുത്തിയാല്‍ പ്ലസ്ടു, കോളജ് വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവിന്റെ ആനുകൂല്യം ലഭ്യമാവില്ല. ഭൂരിഭാഗം വരുന്ന ബിരുദ- ബിരുദാനന്തര വിദ്യാര്‍ഥികളും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചാണ് പഠനം നടത്തുന്നത്. അതില്‍തന്നെ മിക്ക വിദ്യാര്‍ഥികളും ദൂരപരിധി കൂടുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പഠിക്കുന്നത്.
യാത്രാ ഇളവിനുള്ള പ്രായപരിധി 17 വയസ്സായി നിജപ്പെടുത്തുന്നതോടെ ഭൂരിഭാഗം വിദ്യാര്‍ഥികളും യാത്രാ ആനുകൂല്യത്തില്‍നിന്ന് പുറത്താക്കപ്പെടും. ഇതിലൂടെ സാധാരണക്കാരായ ധാരാളം വിദ്യാര്‍ഥികളുടെ പഠനം തന്നെ പ്രതിസന്ധിയിലാവും. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് മാത്രം കണ്‍സഷന്‍ അനുവദിച്ചാല്‍ മതിയെന്നും മറ്റ് വിഭാഗങ്ങളിലുള്ളവര്‍ക്ക് സാധാരണ നിരക്കാണ് ബാധകമാക്കേണ്ടതെന്നും പറയുന്നത് അംഗീകരിക്കാനാവില്ല. ഇത് തികച്ചും സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടാണ് ഉയര്‍ത്തിക്കാട്ടുന്നത്. രാത്രി യാത്രാ നിരക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കണമെന്ന് പറയുന്നതുപോലെ വിദ്യാര്‍ഥികളിലും കണ്‍സഷന്‍ വര്‍ധിപ്പിക്കാമെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല.
റേഷന്‍ കാര്‍ഡുകള്‍ മാനദണ്ഡമാക്കി വിദ്യാര്‍ഥികള്‍ക്ക് ബസ്സുകളില്‍ കണ്‍സഷന്‍ നിശ്ചയിക്കുന്നത് വിദ്യാര്‍ഥി സമൂഹത്തോടുള്ള വിവേചനപരമായ നിലപാടാണ്. ബസ് കണ്‍സഷന്‍ ഭരണകൂടങ്ങളുടെ ഔദാര്യമല്ല, മറിച്ച് വിദ്യാര്‍ഥികളുടെ അവകാശമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. വിദ്യാര്‍ഥി വിരുദ്ധ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നടത്തുന്ന സര്‍ക്കാര്‍ ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും യാത്രാ ഇളവ് ലഭിക്കുന്നതുവരെ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുമായി കാംപസ് ഫ്രണ്ട് മുന്നോട്ടുപോവുമെന്നും എം ശെയ്ഖ് റസല്‍ കൂട്ടിച്ചേര്‍ത്തു.