സുദാനില്‍നിന്ന് 355 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം 'പിടിച്ചുവാങ്ങി' യുഎസ്

സുദാനുമേല്‍ കടുത്ത സമ്മര്‍ദം ചെലത്തിയാണ് യുഎസ് നഷ്ടപരിഹാരം വാങ്ങിയെടുത്തത്.

Update: 2021-04-02 18:51 GMT

ഖാര്‍തൂം: വാഷിങ്ടണുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി യുഎസിനെതിരായ ആക്രമണത്തിലെ ഇരകള്‍ക്ക് 33.5 കോടി ഡോളര്‍ സുദാന്‍ നഷ്ടപരിഹാരം നല്‍കിയതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍.

ഭീകരവാദ കരിമ്പട്ടികയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ യുഎസ് പട്ടികയില്‍ നിന്ന് സുദാനെ ഒഴിവാക്കുന്നതിനുള്ള കരാറിന്റെ ഭാഗമായാണ് നഷ്ടപരിഹാരം നല്‍കിയത്. സുദാനുമേല്‍ കടുത്ത സമ്മര്‍ദം ചെലത്തിയാണ് യുഎസ് നഷ്ടപരിഹാരം വാങ്ങിയെടുത്തത്.

1998ല്‍ കെനിയയിലേയും താന്‍സാനിയയിലേയും യുഎസ് എംബസികള്‍ക്കു നേരെ നടന്ന ബോംബാക്രമണം ഉള്‍പ്പെടെയുള്ള ആക്രമണങ്ങളിലെ ഇരകള്‍ക്ക് സുദാനിലെ താല്‍ക്കാലിക, സിവിലിയന്‍ പിന്തുണയുള്ള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുകയായിരുന്നുവെന്നാണ് യുഎസ് ഭാഷ്യം. ഈ ആക്രമണങ്ങള്‍ക്ക് സുദാന്‍ നേതാവ് ഉമര്‍ അല്‍ ബശീറിന്റെ പിന്തുണയുണ്ടെന്നാണ് യുഎസ് അവകാശവാദം. 2019 ഏപ്രിലിലാണ് ബഷീറിനെ അട്ടിമറിച്ചത്.

'സംഭവിച്ച ഭീകരമായ ദുരന്തങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരം കാണാന്‍ ഇത് അവരെ സഹായിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നന്നതായി യുഎസ് ഇരകളുടെ കുടുംബങ്ങളെ പരാമര്‍ശിച്ച് ബ്ലിങ്കന്‍ പ്രസ്താവനയില്‍ പറഞ്ഞു. 'ഈ വെല്ലുവിളി നിറഞ്ഞ പ്രക്രിയയിലൂടെ, യുഎസ് -സുദാന്‍ ബന്ധങ്ങള്‍ക്ക് ഒരു പുതിയ അധ്യായം ആരംഭിക്കാന്‍ കഴിയും.'

'ഞങ്ങളുടെ ഉഭയകക്ഷി ബന്ധം വിപുലീകരിക്കുന്നതിനും സുദാന്‍ ജനതയ്ക്ക് സ്വാതന്ത്ര്യവും സമാധാനവും നീതിയും എത്തിക്കുന്നതിനുള്ള സിവിലിയന്‍ നേതൃത്വത്തിലുള്ള പരിവര്‍ത്തന ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ തുടരാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News