വിമതരില്‍ നിന്ന് നഗരം പിടിച്ചെടുത്ത് സുഡാന്‍ സൈന്യം (photo)

Update: 2025-01-12 04:28 GMT

ഖാര്‍ത്തൂം: ഒരു വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ വിമതരില്‍ നിന്നും തന്ത്രപ്രധാനമായ നഗരം പിടിച്ചെടുത്ത് സുഡാന്‍ സൈന്യം. ജസീറ പ്രവിശ്യയിലെ വാദ് മദാനി നഗരമാണ് സുഡാന്‍ സൈന്യം പിടിച്ചെടുത്തിരിക്കുന്നത്. റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) എന്ന സൈനികവിഭാഗത്തെയാണ് നഗരത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. വാദ് മദാനിയില്‍ പ്രവേശിച്ചെന്നും ബാക്കിയുള്ള കലാപകാരികളെ തുടച്ചുനീക്കുമെന്നും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.




നഗരം നഷ്ടപ്പെട്ടെന്ന് മുഹമ്മദ് ഹംദാന്‍ പ്രസ്താവനയില്‍ അറിയിച്ചു. സംഘടന പുന:സംഘടിപ്പിച്ച് നഗരം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുഡാന്‍ സൈന്യത്തിന് ഇറാന്‍ നല്‍കിയ ഡ്രോണുകളും എത്യോപ്യയിലെ ടൈഗ്രേയ് പ്രദേശത്തു നിന്നു വന്ന പോരാളികളുമാണ് പരാജയത്തിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, യുഎഇയില്‍ നിന്നു നിരവധി വിമാനങ്ങള്‍ ചാഡിലേക്ക് പുറപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. ചാഡ് വഴി ആര്‍എസ്എഫിന് ആയുധങ്ങളും മറ്റും നല്‍കാനാണ് യുഎഇ ശ്രമിക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

സുഡാനിലെ ദാര്‍ഫര്‍ പ്രദേശത്തെ സര്‍ക്കാര്‍ വിരുദ്ധ കലാപത്തെ നേരിടാന്‍ സര്‍ക്കാര്‍ നേരത്തെ ആര്‍എസ്എഫിനെ ഉപയോഗിച്ചിരുന്നു. എന്നാല്‍, ഇരുകൂട്ടരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. 2023 ഏപ്രിലില്‍ ഏറ്റുമുട്ടല്‍ തുടങ്ങുകയും വാദ് മദാനി നഗരം ആര്‍എസ്എഫ് പിടിച്ചെടുക്കുകയുമായിരുന്നു. സംഘര്‍ഷങ്ങളില്‍ ഇതുവരെ 28,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. 12 ലക്ഷം പേര്‍ അഭയാര്‍ത്ഥികളായി.




 സുഡാനില്‍ ആര്‍എസ്എഫ് വംശഹത്യ നടത്തുകയാണെന്ന് യുഎസ് ഭരണകൂടം ഈ മാസം ആദ്യം ആരോപിച്ചിരുന്നു. തുടര്‍ന്ന് ആര്‍എസ്എഫ് നേതാവായ മുഹമ്മദ് ഹംദാന്‍ ദഗാലോക്കെതിരേ നടപടികളും പ്രഖ്യാപിച്ചു. ആര്‍എസ്എഫ് നേതാക്കള്‍ യുഎഇയില്‍ നടത്തുന്ന ഏഴു കമ്പനികളെ കരിമ്പട്ടികയിലും ഉള്‍പ്പെടുത്തി.

Tags:    

Similar News