സുദര്‍ശന്‍ ടിവി 'യുപിഎസ്‌സി ജിഹാദ്': കേസ് പരിഗണിക്കുന്ന സുപ്രിം കോടതി ബെഞ്ചില്‍ മാറ്റം
നേരത്തേ കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ കെ എം ജോസഫിന് പകരം ഇന്ദിരാ ബാനര്‍ജിയാണ് എത്തിയത്
ന്യൂഡല്‍ഹി: സുദര്‍ശന്‍ ടിവിയുടെ 'യുപിഎസ്‌സി ജിഹാദു'മായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന സുപ്രിം കോടതി ബെഞ്ചില്‍ മാറ്റം. നേരത്തേ കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ കെ എം ജോസഫിന് പകരം ഇന്ദിരാ ബാനര്‍ജിയാണ് എത്തിയത്. ഇന്ദിര ബാനര്‍ജിക്കൊപ്പം ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാവും ഇനി കേസ് പരിഗണിക്കുക. ഒക്ടോബര്‍ 5നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, മല്‍ഹോത്ര, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് നേരത്തേ പരിഗണിച്ചിരുന്നത്.സെപ്റ്റംബര്‍ 24നായിരുന്നു കേസ് അവസാനമായി പരിഗണിച്ചത്.
ജസ്റ്റിസ് ബാനര്‍ജി ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിലും ജസ്റ്റിസ് ജോസഫ് മറ്റൊരു ബെഞ്ചിലേക്കുമാണ് മാറിയത്. കുറഞ്ഞത് എട്ട് ബെഞ്ചുകളില്‍ എങ്കിലും ഇത്തരത്തില്‍ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് കോടതി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സ്വാഭാവിക പ്രക്രിയ മാത്രമാണെന്നാണ് അധികൃതരുടെ വിശദീകരണം.
സെപ്റ്റംബര്‍ 15ന് ജസ്റ്റിസുമാരായ ചന്ദ്രചൂഡ്, മല്‍ഹോത്ര, ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് പരിപാടിയുടെ സംപ്രേഷണം സ്‌റ്റേ ചെയ്തിരുന്നു. സുദര്‍ശന്‍ ടിവി അവതരിപ്പിക്കുന്ന ബിന്ദാസ് ബോല്‍ എന്ന പരിപാടിയാണ് സുപ്രിം കോടതി തടഞ്ഞത്. അതേസമയം, പരിപാടി മുസ്ലീങ്ങളെ അപമാനിക്കുന്നതാണെന്നും മറ്റൊരു സമുദായത്തെ അപമാനിക്കുന്ന തരത്തില്‍ പരിപാടി അവതരിപ്പിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അടുത്ത കാലത്ത് ഐഎഎസ്, ഐപിഎസ് ഓഫിസര്‍മാരില്‍ മുസ്‌ലിംകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നായിരുന്നു പരിപാടിയിലെ ആരോപണം. ചാനലിന്റെ ചീഫ് എഡിറ്റര്‍ സുരേഷ് ചവാങ്കേ അവതരിപ്പിക്കാനിരുന്ന പരിപാടിയുടെ പ്രൊമോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്. യുപിഎസ്‌സിയിലേക്ക് മുസ്‌ലിംകള്‍ നുഴഞ്ഞുകയറുകാണെന്നായിരുന്നു പരിപാടിയുടെ ഉള്ളടക്കം.