വിദ്വേഷ പ്രസംഗം: സുദര്‍ശന്‍ ടിവി എഡിറ്റര്‍ക്കെതിരായ പരാതിയില്‍ ഡല്‍ഹി പോലിസിസില്‍നിന്ന് റിപോര്‍ട്ട് തേടി കോടതി
2021 മെയ് മാസത്തിലെ ഒരു ഷോയുടെ സംപ്രേഷണത്തിനിടെ മതത്തെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി ചാവാന്‍കെ ഇസ്‌ലാമിക സമൂഹത്തിനെതിരേ വിദ്വേഷം പടര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി സഫീര്‍ ഹുസൈന്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്.
ന്യൂഡല്‍ഹി: സുദര്‍ശന്‍ ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവാങ്കെ തന്റെ 'ബിന്‍ദാസ് ബോള്‍' എന്ന പരിപാടിയില്‍ മുസ്‌ലിംകള്‍ക്കെതിരേ കടുത്ത വിദ്വേഷ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ക്രിമിനല്‍ പരാതി ഡല്‍ഹി കോടതി വെള്ളിയാഴ്ച പരിഗണിച്ചു.
പരാതിയില്‍ ഡല്‍ഹി പോലിസിന്റെ പ്രതികരണം ആരാഞ്ഞ് രോഹിണി കോടതിയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഗോപാല്‍ കൃഷന്‍ ഉത്തരവിട്ടു. 'ഹരജിക്കാരന്റെ പരാതി പ്രകാരം എന്തെങ്കിലും കുറ്റകൃത്യം നടന്നിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അതു സംബന്ധിച്ച് എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ എന്നോ എന്നും റിപോര്‍ട്ട് നല്‍കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഏപ്രില്‍ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.
2021 മെയ് മാസത്തിലെ ഒരു ഷോയുടെ സംപ്രേഷണത്തിനിടെ മതത്തെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി ചാവാന്‍കെ ഇസ്‌ലാമിക സമൂഹത്തിനെതിരേ വിദ്വേഷം പടര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി സഫീര്‍ ഹുസൈന്‍ എന്നയാളാണ് പരാതി നല്‍കിയത്. ഒന്നുകില്‍ 'അല്ലാഹുഅക്ബര്‍' തിരഞ്ഞെടുക്കുക അല്ലെങ്കില്‍ സമാധാനം, സാങ്കേതികവിദ്യ, സമൃദ്ധി എന്നിവ തിരഞ്ഞെടുക്കുക എന്നീ രണ്ട് ചോയിസുകളാണ് ഉള്ളതെന്ന് അവതാരകന്‍ ആളുകളോട് പറഞ്ഞതായി ആരോപണമുയര്‍ന്നിരുന്നു. ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള പരിപാടിയില്‍ സൗദി അറേബ്യയിലെ മസ്ജിദുന്നബവി ബോംബിട്ട് തകര്‍ക്കുന്ന എഡിറ്റ് ചെയ്ത വീഡിയോ കാണിച്ച്് മുസ്‌ലിംകളെ പ്രകോപിപ്പിക്കാനും ചവാങ്കെ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു.
പ്രസ്തുത വീഡിയോകള്‍ സുദര്‍ശന്‍ ടിവിയില്‍ പലതവണ പ്രദര്‍ശിപ്പിച്ചത് ഒരു സമുദായത്തിലെ ആളുകളുടെ പ്രതിച്ഛായ നശിപ്പിക്കാനും അവരെ കലാപത്തിന് പ്രേരിപ്പിക്കാനും വേണ്ടി മാത്രമാണ്- ഹുസൈന്‍ അവകാശപ്പെട്ടു.
ഡല്‍ഹിയിലെ പ്രേം നഗര്‍ നോര്‍ത്ത് വെസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ചാനലിനും അതിന്റെ എഡിറ്റര്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 34. 153(എ), 153(ബി), 295, 295(എ), 499, 500, 505(2), എന്നീ വകുപ്പുകള്‍ പ്രകാരം സുദര്‍ശന്‍ ടിവിക്കും ചാവാന്‍കെയ്ക്കുമെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹുസൈന്‍ കോടതിയെ സമീപിച്ചത്.