അഫ്ഗാനില്‍ ക്രിക്കറ്റ് മല്‍സരത്തിനിടെ സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു,നിരവധിപ്പേര്‍ക്ക് പരിക്ക്

താരങ്ങളും ടീം സ്റ്റാഫും വിദേശികളുമെല്ലാം സുരക്ഷിതരാണെന്നാണ് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്

Update: 2022-07-30 05:20 GMT

കാബൂള്‍: അഫ്ഗാനിസ്താനില്‍ ക്രിക്കറ്റ് മല്‍സരത്തിനിടെ സ്‌ഫോടനം.സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടതായും,നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ട്.യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആണ് മരണസംഖ്യ പുറത്തുവിട്ടത്. കാബൂളിലെ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ടി20 ടൂര്‍ണമെന്റിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.

പ്രാദേശിക സമയം വൈകീട്ട് 4.30നായിരുന്നു സംഭവം. പാമിര്‍ സല്‍മിയും ബന്ദേ അമീര്‍ ഡ്രാഗണ്‍സും തമ്മില്‍ നടന്ന ഷ്പജീസ ക്രിക്കറ്റ് ലീഗ് മല്‍സരത്തിനിടെയായിരുന്നു ഗാലറില്‍ ആരാധകര്‍ക്കിടയില്‍നിന്ന് ഉഗ്രശബ്ദത്തില്‍ സ്‌ഫോടനം നടന്നത്. ഗ്രനേഡ് പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. ഉടന്‍ തന്നെ താരങ്ങളെ ബങ്കറുകളിലേക്ക് മാറ്റി. പരിക്കേറ്റവരെ കാബൂളിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവസമയത്ത് യുഎന്‍ ഉദ്യോഗസ്ഥരും സ്‌റ്റേഡിയത്തിലുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ട്.സ്‌ഫോടനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച മല്‍സരം പിന്നീട് പുനരാരംഭിച്ചിരുന്നു. താരങ്ങളും ടീം സ്റ്റാഫും വിദേശികളുമെല്ലാം സുരക്ഷിതരാണെന്നാണ് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.

ഇത് രണ്ടാം തവണയാണ് ഷ്പജീസ ക്രിക്കറ്റ് ലീഗ് മല്‍സരം ബോംബ് സ്‌ഫോടനത്തില്‍ തടസ്സപ്പെടുന്നത്. 2017ല്‍ ആഭ്യന്തര ടി20 ക്രിക്കറ്റ് മല്‍സരത്തിനിടെ കാബൂള്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിന് സമീപം നടന്ന ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


Tags:    

Similar News