തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ

സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2020-06-10 15:29 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ. കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന നെടുമങ്ങാട് സ്വദേശി മുരുകേശനാണ് കൊവിഡ് വാര്‍ഡിലെ ഫാനില്‍ തൂങ്ങിമരിച്ചത്. നേരത്തേ, കൊവിഡ് ബാധിച്ച് ചികില്‍സയിലുണ്ടായിരുന്ന ആനാട് സ്വദേശി ഉണ്ണിയും ആത്മഹത്യ ചെയ്തിരുന്നു. ചൊവ്വാഴ്ച കൊവിഡ് വാര്‍ഡില്‍നിന്ന് ചാടിപ്പോയ ഇദ്ദേഹം ബുധനാഴ്ചയാണ് മരിച്ചത്. ആശുപത്രിയില്‍ നിന്നു ഇന്നലെ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ആനാട് സ്വദേശി ഉണ്ണിയെയാണ് ആദ്യം ഐസോലേഷന്‍ വാര്‍ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ നിന്നു ചാടിയ ഇദ്ദേഹം ബസ്സില്‍ കയറി നാട്ടിലെത്തിയപ്പോള്‍ നാട്ടുകാരാണ് പിടികൂടി ആരോഗ്യവകുപ്പിനെ അറിയിച്ച് വീണ്ടും ആശുപത്രിയിലെത്തിച്ചത്. ഇന്നലെ തന്നെ ഉണ്ണിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞിരുന്നു. ഇന്ന് ഡിസ്ചാര്‍ജ്ജിനുള്ള നടപടികള്‍ തുടങ്ങിയതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.

    ഇതിനു പിന്നാലെയാണ് നെടുമങ്ങാട് സ്വദേശി മുരുകേശന്‍ വൈകീട്ട് പേ വാര്‍ഡിനുള്ളില്‍ തൂങ്ങിമരിച്ചത്. ബുധനാഴ്ച രാവിലെയാണ് രോഗം സംശയിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ മുരുകേശനെ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

    ഒരു ദിവസം തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടു രോഗികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.




Tags:    

Similar News